ചോക്കാട് നാല്‍പത് സെന്റ് ഗിരിജന്‍ കോളനിയിലെ സംരക്ഷണഭിത്തി നിര്‍മാണം അവസാനഘട്ടത്തില്‍

Posted on: 23 Dec 2012കാളികാവ്: വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ ചോക്കാട് നാല്‍പ്പത് സെന്റ് ഗിരിജന്‍ കോളനിയിലെ വനാതിര്‍ത്തിയില്‍ സംരക്ഷണഭിത്തിയുടെ നിര്‍മാണം അവസാനഘട്ടത്തില്‍. 1500 മീറ്റര്‍ നീളത്തിലാണ് സംരക്ഷണമതില്‍ നിര്‍മിക്കുന്നത്. വനംവകുപ്പ് 62 ലക്ഷം രൂപ ചെലവില്‍ 1.20 മീറ്റര്‍ വീതിയിലും 1.5 മീറ്റര്‍ ഉയരത്തിലുമാണ് സംരക്ഷണഭിത്തി നിര്‍മിക്കുന്നത്.

രണ്ട് മാസമായി നിര്‍മാണം പുരോഗമിക്കുന്ന സംരക്ഷണഭിത്തി അവസാനഘട്ടത്തിലാണ്. ഭിത്തിക്ക് കൂടുതല്‍ ഉറപ്പ് കിട്ടുന്നതിനുവേണ്ടി ഫില്ലറുകള്‍ സ്ഥാപിച്ചുവരുന്നു. മുകള്‍ഭാഗം കോണ്‍ക്രീറ്റും ചെയ്യും. 1200 മീറ്ററോളം മതില്‍നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഈ മാസം അവസാനത്തോടെ മതില്‍നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മൃഗങ്ങള്‍ വനത്തില്‍നിന്ന് നാട്ടിലേക്ക് ഇറങ്ങുന്നത് തുടരുന്ന പശ്ചാത്തലത്തില്‍ മതില്‍ നിര്‍മാണം 1.5 കിലോമീറ്റര്‍ മാത്രമായി പരിമിതപ്പെടുത്തരുതെന്ന് ആവശ്യമുയര്‍ന്നു. മതില്‍ നിര്‍മിക്കുകയോ കിടങ്ങ് കുഴിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മതില്‍നിര്‍മാണം തുടങ്ങിയതിനുശേഷവും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് പതിവാണ്. പുലി ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ ഇറങ്ങി കോളനിക്കാരുടെയും നാട്ടുകാരുടെയും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും കൃഷിനാശം വരുത്തുകയും ചെയ്തിരുന്നു. മതില്‍ നിര്‍മിക്കുന്ന ജോലി നടക്കുന്ന സമയത്തുപോലും അടുത്തുവരെ കാട്ടാനകള്‍ എത്താറുണ്ട്. മതില്‍നിര്‍മാണം നടക്കുന്നതിന് തൊട്ടടുത്തുള്ള നെല്ലിക്കര മലവാരത്തോടുചേര്‍ന്ന സ്ഥലത്താണ് കാട്ടാന തോട്ടം കാവല്‍ക്കാരനായ രാജമണിയെ ചവിട്ടിക്കൊന്നത്. ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, അമരമ്പലം പഞ്ചായത്തുകളിലെ വനാതിര്‍ത്തികളിലെ മിക്കസ്ഥലങ്ങളിലും കാട്ടുമൃഗങ്ങള്‍ ഇറങ്ങുന്നത് പതിവാണ്.

More News from Malappuram