നാട്ടുകാരുടെ കൂട്ടായ്മയില്‍ രണ്ട് റോഡുകള്‍

Posted on: 23 Dec 2012കാളികാവ്: നാട്ടുകാരുടെ കൂട്ടായ്മയില്‍ രണ്ട് റോഡുകള്‍ നിര്‍മിച്ചു. ചോക്കാട് പഞ്ചായത്ത് മമ്പാട്ടുമൂല ഒറവംകുന്നില്‍നിന്ന് തുടങ്ങുന്ന രണ്ട് റോഡുകളാണ് നാട്ടുകാര്‍ നിര്‍മിച്ചത്. തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലെല്ലാം രാഷ്ട്രീയക്കാര്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇതുവരെ റോഡുകള്‍ യാഥാര്‍ഥ്യമായിരുന്നില്ല.

ഒറവംകുന്ന്- കരുവഞ്ചോല- അത്താണി റോഡും ഒറവംകുന്ന്- ചുള്ളിപ്പാറല്‍ റോഡുമാണ് നാട്ടുകാര്‍ നിര്‍മിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളും റോഡ് നിര്‍മാണത്തില്‍ പങ്കെടുത്തു. വിദ്യാര്‍ഥികളും രോഗികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമായ റോഡുകള്‍ ഏറ്റെടുക്കുമെന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും പഞ്ചായത്തംഗവുമായ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വെള്ളാരംപാറ ബാലന്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം മുപ്ര ഷറഫുദ്ദീന്‍, മോയിക്കല്‍ രാധാകൃഷ്ണന്‍, എ.ഡി.എസ് പ്രസിഡന്റ് സിനി, സുധ, സാജിത എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

More News from Malappuram