കണ്ണമംഗലത്ത് കുടിവെള്ള പദ്ധതി

Posted on: 23 Dec 2012വേങ്ങര: മേമാട്ടുപാറ, വാളക്കുട, ചെറിയകാട് എന്നീ പ്രദേശങ്ങള്‍ക്ക് ഗുണകരമാവുന്ന കുടിവെള്ള പദ്ധതിക്ക് പമ്പിങ്, ലൈനിങ്, ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയുടെ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ആയി. 15 കോടി രൂപയാണ് പദ്ധതിക്കായി നബാര്‍ഡ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 4.5 കോടി രൂപയ്ക്കാണ് ഇപ്പോള്‍ ടെന്‍ഡര്‍ നല്‍കിയത്. ചേറൂര്‍ വേങ്ങര റോഡില്‍ മിനി എസ്‌റ്റേറ്റിനുസമീപമാണ് വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിക്കുക. ഇതിന് വിതരണപൈപ്പ് ലൈനിന്റെയും ജലസംഭരണിയുടെയും പണി നടക്കേണ്ടതുണ്ട്. കടലുണ്ടിപ്പുഴയില്‍ കല്ലക്കയത്ത് വെള്ളം പമ്പുചെയ്യുന്നതിനായി പമ്പ് സെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. 73 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഒമ്പത് കോടി രൂപ ചെലവ് കണക്കാക്കുന്നു. ഈ തുകയും നബാര്‍ഡില്‍നിന്ന് ലഭ്യമാകുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നെടുമ്പള്ളി സെയ്ത് പറഞ്ഞു.

ഇതേപദ്ധതിക്കായി കഴിഞ്ഞ ബോര്‍ഡില്‍ നബാര്‍ഡില്‍ നിന്നുതന്നെ അഞ്ച് കോടിരൂപ അനുവദിച്ചെങ്കിലും നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തി 2013 ജനവരിയില്‍ തുടങ്ങുമെന്നറിയുന്നു.

ചെറിയകാട്ട് ഒരാള്‍ സൗജന്യമായി നല്‍കിയ 20 സെന്റ് സ്ഥലത്താണ് ജലസംഭരണി സ്ഥാപിക്കുക.

More News from Malappuram