യു.പി.എസ്.എ പരീക്ഷയിലും രാധികയ്ക്ക് റാങ്കിന്റെ തിളക്കം

Posted on: 23 Dec 2012മലപ്പുറം: യു.പി. സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷയിലും റാങ്കിന്റെ പൊന്‍തിളക്കവുമായി രാധിക മലപ്പുറത്തിന്റെ അഭിമാനമായി.

ഊരകം മേല്‍മുറിയിലെ രാമചന്ദ്രന്റെ മകള്‍ രാധിക എഴുതിയ പി.എസ്.സി പരീക്ഷകളിലെല്ലാം ആദ്യ റാങ്കുകള്‍ സ്വന്തമാക്കി. എല്‍.പി.എസ്.എ പരീക്ഷയില്‍ 92 മാര്‍ക്ക് വാങ്ങി രണ്ടാംറാങ്കും മലപ്പുറം ജില്ലയിലെ ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയില്‍ നാലാംറാങ്കും നേടിയിരുന്നു. ഇപ്പോള്‍ 95 മാര്‍ക്ക് നേടിയാണ് യു.പി. സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയത്.

തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മഞ്ചേരി ആസ്ഥാനമായി വേങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന 'എയ്‌സ്' പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എം.എസ്‌സി അപ്ലൈഡ് സയന്‍സിന് പഠിക്കുമ്പോള്‍ എല്‍.പി. സ്‌കൂള്‍ ടീച്ചറായി ആദ്യ നിയമനം ലഭിച്ചു. സര്‍ക്കാറില്‍ നിന്ന് പ്രത്യേക അനുമതിവാങ്ങി പഠനം തുടരുന്നതിനിടയില്‍ വീണ്ടും ജോലി രാധികയത്തേടിയെത്തി. ഒതുക്കുങ്ങല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലാസ്റ്റ്‌ഗ്രേഡ് ആയിട്ടായിരുന്നു പുതിയ നിയമനം.

ഇതും വേണ്ടെന്നുവെച്ച് പഠനം തുടരുമ്പോഴാണ് യു.പി.എസ്.എ ഒന്നാംറാങ്ക്‌നേടുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാവുമെങ്കില്‍ പഠനം ഉപേക്ഷിച്ച് ഏപ്രില്‍ ഒന്നിനകം ജോലിയില്‍ പ്രവേശിക്കാനാണ് രാധികയുടെ തീരുമാനം. അച്ഛന്‍ രാമചന്ദ്രന്‍ തയ്യല്‍ക്കട നടത്തുന്നു. അമ്മ ലീന അങ്കണവാടിയില്‍ ജോലിചെയ്യുന്നു. മകളുടെ പഠനത്തിന് പൂര്‍ണപിന്തുണ നല്‍കിയ മാതാപിതാക്കള്‍ക്ക് സമ്മാനമായി രാധിക നല്‍കിയത് റാങ്കുകളുടെ പൊന്‍തിളക്കമാണ്.

More News from Malappuram