ശ്രീയും സൗരഭുമെത്തി; കാണികള്‍ക്ക് ഉത്സവം

Posted on: 23 Dec 2012പെരിന്തല്‍മണ്ണ: ശ്രീശാന്ത്, സൗരഭ് തിവാരി...ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് താരങ്ങള്‍ കളിക്കാനെത്തിയതോടെ പെരിന്തല്‍മണ്ണ സ്റ്റേഡിയത്തിലും ആളനക്കം വന്നുതുടങ്ങി. രണ്ടായിരത്തിലധികം പേരാണ് കേരളവും ഝാര്‍ഖണ്ഡും തമ്മിലുള്ള മത്സരം കാണാന്‍ പെരിന്തല്‍മണ്ണയിലെത്തിയത്. സാധാരണഗതിയില്‍ കാര്യമായ കാണികളില്ലാതിരുന്ന സ്റ്റേഡിയത്തില്‍ കാഴ്ചക്കാരെത്തിയപ്പോള്‍ സംഘാടകര്‍ക്കും സന്തോഷം.

ശ്രീശാന്തിന്റെ സാന്നിധ്യമായിരുന്നു കാണികള്‍ ഉത്സവമാക്കിയത്. ശ്രീയുടെ ഓരോ പന്തും ആരവങ്ങളോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. ബൗണ്ടറി ലൈനില്‍ ശ്രീ ഫീല്‍ഡിങ്ങിന് നില്‍ക്കുമ്പോള്‍ ആളുകളും ചുറ്റുംകൂടി. മൊബൈലില്‍ ഫോട്ടോയെടുത്തും ഓട്ടോ ഗ്രാഫ് തേടിയും വളഞ്ഞ ആരാധകരെ ശ്രീ നിരാശപ്പെടുത്തിയില്ല. എന്നാല്‍ തിരക്ക് നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാര്‍ക്ക് കഴിയാതെ വന്നതോടെ സംഘാടകര്‍ക്ക് പോലീസിന്റെ സഹായം തേടേണ്ടിവന്നു. കളി കഴിഞ്ഞ് ശ്രീ ഡ്രസ്സിങ് റൂമില്‍ വിശ്രമിക്കുമ്പോഴും ആരാധകര്‍ വാതില്‍ക്കല്‍തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ അപരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൗരഭ് തിവാരിയെ കാണാനും ആരാധകരെത്തി. കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 119ഉം രണ്ടാമിന്നിങ്‌സില്‍ 99 റണ്‍സുമെടുത്ത് തകര്‍പ്പന്‍ ഫോമിലായിരുന്ന സൗരഭിന് പക്ഷേ, പെരിന്തല്‍മണ്ണയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല. 20 പന്തുകള്‍ മാത്രം കളിച്ച് മടങ്ങിയ സൗരഭിനെ ലഞ്ചിന് ശേഷമുള്ള പരിശീലന സെഷനിലാണ് ആരാധകര്‍ക്ക് അടുത്തു കിട്ടിയത്. സൗരഭിന്റെ പരിശീലനം മൊബൈലില്‍ പകര്‍ത്താനായിരുന്നു പലരും തിരക്കുകൂട്ടിയത്.

More News from Malappuram