അസ്‌ലമിന് കിഡ്‌നി നല്‍കാന്‍ ഉപ്പ തയ്യാര്‍... പക്ഷേ, ശസ്ത്രക്രിയയ്ക്ക് പണമില്ല

Posted on: 23 Dec 2012വളാഞ്ചേരി: രണ്ട് കിഡ്‌നികളും തകരാറിലായ തന്റെ മകന് കിഡ്‌നി നല്‍കാന്‍ ഉപ്പ തയ്യാറായി നില്‍ക്കുകയാണ്. പക്ഷേ, ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകള്‍ക്കുമുള്ള പണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആധിയാണ് വളാഞ്ചേരി കൊട്ടാരം വേളൂര്‍ അസൈനാറിന്. അസൈനാരുടെയും മൈമൂനയുടെയും ഒമ്പതുവയസ്സുള്ള മകന്‍ മുഹമ്മദ് അസ്‌ലമാണ് ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്നത്. കൊട്ടാരം മോഡല്‍ എല്‍.പി.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അസ്‌ലം.

എട്ട്മാസം മുമ്പാണ് രോഗവിവരം അറിയുന്നത്. ആദ്യം വളാഞ്ചേരിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജിലും ചികിത്സ നടത്തി. പിന്നീട് കോഴിക്കോട് മിംസ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസവും ഡയാലിസിസ് ചെയ്യേണ്ടതിനാല്‍ മിംസ് ആസ്​പത്രി അധികൃതര്‍ വീട്ടില്‍ത്തന്നെ ഡയാലിസിസ് ചെയ്യാന്‍ സൗകര്യമൊരുക്കിരിക്കുകയാണ്. ദിവസവും ആയിരത്തിനാനൂറ് രൂപയാണ് ഇതിനായി ചെലവിടുന്നത്.

കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെങ്കില്‍ പന്ത്രണ്ട് ലക്ഷം രൂപയോളം ചെലവുവരുമെന്നാണ് ആസ്​പത്രി അധികൃതര്‍ പറയുന്നത്. ഇതുവരെയുള്ള ചികിത്സകള്‍ക്കും നിത്യേനയുള്ള ഡയാലിസിസിനുമായി നാല് ലക്ഷം രൂപ ചെലവഴിച്ചതായി അസൈനാര്‍ പറയുന്നു. പന്തല്‍ പണിക്കാരനാണ് അസൈനാര്‍.

അസ്‌ലമിന്റെ ചികിത്സയ്ക്കായി കൊട്ടാരത്ത് നാട്ടുകാര്‍ അസ്‌ലം ചികിത്സാ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. എന്‍.അബൂബക്കറാണ് ചെയര്‍മാന്‍. ടി.പി.അബൂബക്കര്‍ കണ്‍വീനറും ടി.ടി.മാനു ട്രഷററുമാണ്. ഫെഡറല്‍ ബാങ്കിന്റെ വളാഞ്ചേരി ശാഖയില്‍ 14680200001496 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

More News from Malappuram