വെങ്ങാട് ഗോകുലം നവീകരണപദ്ധതികള്‍ ഇനിയുമായില്ല

Posted on: 23 Dec 2012കൊളത്തൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള വെങ്ങാട് ഗോകുലം പശുപരിപാലന കേന്ദ്രത്തിന്റെ നവീകരണം ഇനിയും നടപ്പായില്ല. ഗോകുലത്തിലെ അസൗകര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി പ്രശ്‌നപരിഹാരത്തിന് ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. മലപ്പുറം ജില്ലാ കളക്ടറാണ് സമിതിയുടെ ചെയര്‍മാന്‍. കെ.എല്‍.ഡി ബോര്‍ഡ് എം.ഡി അനി എസ്. ദാസ് തയ്യാറാക്കിയ ഏഴരക്കോടിയുടെ നവീകരണപദ്ധതികളാണ് ഉന്നതാധികാര സമിതി അംഗീകരിച്ചത്.

2012 ഏപ്രില്‍ 27ന് ഗോകുലത്തില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം മുതല്‍ നിരന്തരമായ അവലോകനമാണ് സമിതി നടത്തിയത്. അവസാനം അംഗീകരിക്കപ്പെട്ട മാസ്റ്റര്‍പ്ലാന്‍ ദേവസ്വം ഭരണസമിതിയുടെ അംഗീകാരത്തിനും തുടര്‍നടപടിക്കും വേണ്ടി സമര്‍പ്പിച്ചിട്ട് മൂന്ന്മാസം കഴിഞ്ഞു.

പശുക്കളുടെ എണ്ണത്തിനനുസരിച്ച് തൊഴുത്തുകള്‍ ഇല്ലാത്തതിനാല്‍ 200ല്‍പരം പശുക്കള്‍ രാവും പകലും തൊഴുത്തിന് പുറത്തുതന്നെയാണ്. നിലവിലുള്ള തൊഴുത്തുകളിലാണെങ്കില്‍ നിന്ന് തിരിയാന്‍പോലും ഇടമില്ല. ചാണകവും മൂത്രവും ഗോകുലം വളപ്പില്‍ പരന്നുകിടക്കുന്നതിനാല്‍ മഴ പെയ്താല്‍ പരിസരവാസികള്‍ക്ക് പ്രയാസമാകും. കഴിഞ്ഞ കാലവര്‍ഷത്തിന് മുമ്പ്അടിയന്തര പ്രവൃത്തികള്‍ നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒന്നും നടന്നില്ല.

കഴിഞ്ഞ ഒക്ടോബര്‍ 19ന് ദേവസ്വം എന്‍ജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ ഗോകുലം സന്ദര്‍ശിച്ചിരുന്നു. നടപ്പാക്കാന്‍ പോകുന്ന നവീകരണ പ്രവൃത്തികളുടെ എസ്റ്റിമേറ്റും ടെന്‍ഡര്‍ നടപടികളും തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചത്. ഇപ്പോഴും ഗോകുലത്തില്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല. അടുത്ത കാലവര്‍ഷത്തിനകവും നവീകരണപ്രവൃത്തികള്‍ നടന്നില്ലെങ്കില്‍ മാലിന്യപ്രശ്‌നം വീണ്ടും രൂക്ഷമാകും.

More News from Malappuram