ലോഫേ്‌ളാര്‍ റൂട്ട് ദീര്‍ഘിപ്പിച്ചത് പിന്‍വലിക്കില്ല - ആര്യാടന്‍

Posted on: 23 Dec 2012മഞ്ചേരി:കെ.എസ്.ആര്‍.ടി.സി ലോഫേ്‌ളാര്‍ ബസ്സുകളുടെ സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ചത് പിന്‍വലിക്കില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, എറണാകുളം കോര്‍പ്പറേഷനുകളില്‍ സര്‍വീസ് നടത്തിയിരുന്ന ലോഫേ്‌ളാര്‍ ബസ്സുകള്‍ നഷ്ടത്തിലായതിനാലാണ് മറ്റു ജില്ലകളിലേക്ക് ഓടിച്ചത്. 80 ശതമാനം കേന്ദ്രസഹായത്തില്‍ എട്ട് ലോഫേ്‌ളാര്‍ ബസ്സുകളാണ് ഇറക്കിയത്. ഇതില്‍ വിഹിതം നല്‍കേണ്ട എറണാകുളം, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ ഇതുവരെയും ഒന്നും നല്‍കിയിട്ടില്ല. തുടര്‍ന്നാണ് മറ്റു ജില്ലകളിലേക്കും സര്‍വീസ് തുടങ്ങിയത്. പാലായ്ക്കും കൊടുത്തു ഒന്ന്. എന്നാല്‍ മലബാര്‍ മേഖലയ്ക്ക് നല്‍കിയപ്പോഴാണ് അതില്‍ ചിലര്‍ അനീതി കണ്ടെത്തിയത്. ഒരു പത്രം ബസ് നിയമംതെറ്റിച്ച് റൂട്ടിലോടുന്നുവെന്നാണ് വാര്‍ത്ത നല്‍കിയത്. കോട്ടയവും അങ്കമാലിയും ആറ്റിങ്ങലും ഓടുന്നത് നീതിയും ഷൊറണൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഓടുന്നത് അനീതിയുമെന്നാണ് പറയുന്നത്. ഏത് പത്രവും ചാനലും എന്തുപറഞ്ഞാലും ചെയ്യാനുള്ളത് ചെയ്തിരിക്കുമെന്ന് ആര്യാടന്‍ പറഞ്ഞു. ബസ്ചാര്‍ജ് വര്‍ധിപ്പിച്ചിട്ടും കെ.എസ്.ആര്‍.ടി.സി പ്രതിമാസം 80 കോടി നഷ്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

More News from Malappuram