പ്രൈമറി വിദ്യാലയങ്ങളെ ശിശു സൗഹൃദങ്ങളാക്കും. പി.കെ. അബ്ദുറബ്ബ്

Posted on: 23 Dec 2012വാഴക്കാട്: സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളെയും ശിശുസൗഹൃദകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ആയിരത്തി എണ്ണൂറോളംവരുന്ന എല്‍.പി. സ്‌കൂളുകള്‍ക്ക് വിദ്യാലയ അന്തരീക്ഷം മോടികൂട്ടി ശിശു സൗഹൃദകേന്ദ്രമാക്കാന്‍ ഒരുലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സര്‍വശിക്ഷാ അഭിയാന്‍ 2012-13 സംസ്ഥാന വാര്‍ഷികപദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിര്‍മിക്കുന്ന 37 ക്ലാസ്മുറികളുടെ നിര്‍മാണോദ്ഘാടനം വാഴക്കാട് പഞ്ചായത്തിലെ പണിക്കരപ്പുറായ ഗവ. എല്‍.പി. സ്‌കൂളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

അടുത്ത അധ്യയനവര്‍ഷം മുതല്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥി അധ്യാപക അനുപാതങ്ങളില്‍ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. രണ്ടുകോടി 12 ലക്ഷം രൂപ ചെലവിലാണ് 37 ക്ലാസ് മുറികള്‍ ജില്ലയില്‍ നിര്‍മിക്കുന്നത്.

കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ സംസ്ഥാന പ്രോജക്റ്റ് ഡയറക്ടര്‍ എല്‍. രാജന്‍, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, വാഴക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാന്ത സന്തോഷ്, വൈസ് പ്രസിഡന്റ് കെ.ഷറഫുന്നീസ, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ പി. അബൂബക്കര്‍, കെ. അലി, പി.ബല്‍ക്കീസ്, ബി.പി. മറിയം, എസ്.എസ്.എ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ അബ്ദുള്ള പാറപ്പുറത്ത്, ഒ.കെ. അയ്യപ്പന്‍, എസ്.എസ്.എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ പി.കെ. ഇബ്രാഹിംകുട്ടി, പി.കെ. ഷഹീദ് എന്നിവര്‍ പ്രസംഗിച്ചു.

More News from Malappuram