കോഴിക്കോട് വിമാനത്താവള വികസനം: പുനരധിവാസത്തിന് പ്രത്യേക പാക്കേജ്

Posted on: 23 Dec 2012മലപ്പുറം:കോഴിക്കോട് വിമാനത്താവള വികസനത്തിന് 137 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനും പുനരധിവാസ പാക്കേജ് പ്രകാരം 10 സെന്റ് സ്ഥലം വീതം നല്‍കാനും ധാരണ. പണം ഭൂവുടമയുടെ അക്കൗണ്ടിലെത്തിയതിന്‌ശേഷമേ ഭൂമി രജിസ്റ്റര്‍ചെയ്ത് നല്‍കേണ്ടതുള്ളൂ. രജിസ്‌ട്രേഷന്‍ കഴിഞ്ഞാലും വീട് പൊളിച്ചുമാറ്റുന്നതിന് ഉടമകള്‍ക്ക് ആറുമാസത്തെ സമയം നല്‍കാനും ധാരണയായി. പുനരധിവാസം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തി. ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ഓഫീസ് ചെലവുകള്‍ക്കുമായി 50 ലക്ഷവും 137 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ 116.45 കോടിയും പുനരധിവാസത്തിന് 20 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ 18 കോടിയും അനുവദിച്ചിട്ടുണ്ട്. മലപ്പുറം കളക്ടറേറ്റില്‍ ശനിയാഴ്ച ചേര്‍ന്ന ഭൂവു ടമകളുടെയും ഉപസമിതിയുടെയും യോഗത്തിലാണ് തീരുമാനമായത്.

കുടിയൊഴിപ്പിക്കപ്പെടുന്ന ഓരോ വീട്ടുകാര്‍ക്കും 10സെന്റ് വീതം നല്‍കാനാണ് ശനിയാഴ്ചത്തെ യോഗത്തില്‍ ധാരണയായത്. പുനരധിവാസ സ്ഥലത്തേക്ക് അടിസ്ഥാനസൗകര്യങ്ങളായ റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയവ സര്‍ക്കാര്‍ ചെലവില്‍ എത്തിക്കും. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം സമീപ പ്രദേശങ്ങളില്‍ത്തന്നെ ഉറപ്പാക്കും. ഭാവിയില്‍ വീണ്ടും വിമാനത്താവള വികസനത്തിന് ആവശ്യമായി വരുന്ന സ്ഥലത്ത് ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പുള്ള സ്ഥലത്താകും പുനരധിവാസം.

ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ച് കൊണ്ടുപോകാന്‍ ഉടമയ്ക്ക് പൂര്‍ണ അവകാശമുണ്ടാകും. വീട്, കെട്ടിടങ്ങള്‍, മരങ്ങള്‍ തുടങ്ങി എല്ലാ വസ്തുക്കളും ഉടമസ്ഥര്‍ക്കുതന്നെ കൊണ്ടുപോകാം. വീടിനും കെട്ടിടങ്ങള്‍ക്കും തേയ്മാനവും കാലപ്പഴക്കവും കണക്കാക്കാതെ ഇപ്പോഴത്തെ നിര്‍മാണച്ചെലവനുസരിച്ച് നഷ്ടപരിഹാരം നല്‍കും. ഭൂമിയുടെ വില കണക്കാക്കുന്നത് ഉഭയകക്ഷി ചര്‍ച്ച നടത്തിയായിരിക്കും. കാര്‍ഷികവിളകളും ഫലങ്ങളും ഉടമസ്ഥര്‍ക്കുതന്നെ എടുക്കാം. കുടിയൊഴിപ്പിക്കുന്ന കുടുംബത്തിലെ ഒരംഗത്തിന് എയര്‍പോര്‍ട്ടിലോ അനുബന്ധസ്ഥാപനങ്ങളിലോ ജോലിനല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയോട് ശുപാര്‍ശചെയ്യും.

സ്ഥലവും വീടും കെട്ടിടങ്ങളും വിട്ടുനല്‍കുന്നവരുടെ എല്ലാ ആശങ്കകളും പരിഹരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പ്രത്യേക പാക്കേജിന് അംഗീകാരം നല്‍കിയത്. സ്ഥലമേറ്റെടുക്കുന്നതിന് 12 തസ്തികകളിലായി 25 ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ഭൂമി ഏറ്റെടുക്കല്‍ യൂണിറ്റിനും രൂപംനല്‍കിയിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍, ജൂനിയര്‍ സൂപ്രണ്ട് ഓരോ തസ്തിക, വാല്വേഷന്‍ അസിസ്റ്റന്റ്, റവന്യു ഇന്‍സ്‌പെക്ടര്‍ രണ്ട് തസ്തിക, ക്ലാര്‍ക്ക് നാല്, ടെപ്പിസ്റ്റ് ഒന്ന്, ചെയിന്‍മാന്‍ ആറ്, പ്യൂണ്‍ ഒന്ന്, വില്ലേജ്മാന്‍ ഒന്ന്, ഡ്രൈവര്‍ ഒന്ന് എന്നിങ്ങനെയാണ് തസ്തികകള്‍.

അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസ് ഭൂവുടമകളുമായി പുതിയ പാക്കേജ് സംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ ഭൂവുടമകളുടെ സഹകരണത്തോടെ എത്രയുംപെട്ടന്ന് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായി. പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മുസ്തഫ തങ്ങള്‍, എച്ച്.എസ് കെ.എന്‍. യൂസഫലി തുടങ്ങിയവര്‍ പങ്കെടുത്തു.

More News from Malappuram