രാജ്യറാണി എക്‌സ്​പ്രസ്: പിന്‍വലിച്ച കോച്ച് ഉടന്‍ പുനഃസ്ഥാപിക്കും - മന്ത്രി ആര്യാടന്‍

Posted on: 23 Dec 2012നിലമ്പൂര്‍: നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്‌സ്​പ്രസ്സിന് അധികമായി അനുവദിച്ച സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റ് പിന്‍വലിച്ചത് ഉടന്‍തന്നെ പുനഃസ്ഥാപിക്കുമെന്ന് കേരളത്തില്‍ റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നിലമ്പൂരില്‍ 'മാതൃഭൂമി'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍നിന്നുള്ള യാത്രക്കാരുടെയും ഭരണാധികാരികളുടെയും നിരന്തര ആവശ്യത്തിന്റെയും സമ്മര്‍ദത്തിന്റെയും ഫലമായാണ് കഴിഞ്ഞ നവംബര്‍ 10 മുതല്‍ റെയില്‍വെ ഒരു അധിക സ്ലീപ്പര്‍കോച്ച് നിലമ്പൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ചിരുന്നത്. എന്നാല്‍, വളരെ രഹസ്യമായി ഒരുമാസത്തിനുശേഷം റെയില്‍വെ അധികമനുവദിച്ച കോച്ച് പിന്‍വലിക്കുകയായിരുന്നു. ഇതിന്റെ മുന്നോടിയായി അധികമുള്ള കോച്ചിനുള്ള റിസര്‍വേഷന്‍ റെയില്‍വെ നിര്‍ത്തിവെച്ചിരുന്നു.

അധിക കമ്പാര്‍ട്ട്‌മെന്റ് താത്കാലികമായി ഒരുമാസത്തേക്കാണ് അനുവദിച്ചിരുന്നത്. ആവശ്യത്തിന് യാത്രക്കാരുണ്ടെങ്കില്‍ മാത്രം ഇത് നിലനിര്‍ത്തുമെന്നാണ് റെയില്‍വെ അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ആവശ്യത്തിലേറെ യാത്രക്കാരുണ്ടായിട്ടും കോച്ച് നിര്‍ത്തലാക്കിയ റെയില്‍വെയുടെ നടപടി ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

എന്നാല്‍, കഴിഞ്ഞദിവസം രാജ്യറാണിയുടെ അമൃത എക്‌സ്​പ്രസ്സിന്റെ ഭാഗമായ ഒരു കോച്ച് (അമൃതയിലുള്ളത്) തിരുവല്ലയ്ക്കടുത്തുവെച്ച് പാളംതെറ്റിയിരുന്നു. ഇതിനെത്തുടര്‍ന്ന് ചെന്നൈയില്‍നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് ഒരു കോച്ച് പിന്‍വലിച്ചതെന്നും അവ എത്രയുംപെട്ടെന്ന് പുനഃസ്ഥാപിക്കാനുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് വിശദീകരിച്ചത്.

More News from Malappuram