വാഴക്കാട് 10 റോഡുകള്‍ വെള്ളത്തിനടിയില്‍

Posted on: 08 Aug 2012
വാഴക്കാട്: പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വാഴക്കാട് ഗ്രാമപ്പഞ്ചായത്തിലെ 10 റോഡുകള്‍ വെള്ളത്തിനടിയിലായി. ചാലിയാര്‍ കവിഞ്ഞ് വാഴക്കാട് പാടത്തേക്ക് അതിശക്തമായി ഒഴുകിയാണ് വെള്ളം പൊങ്ങിയത്. പഞ്ചായത്തിലെ 16, 4 വാര്‍ഡുകളിലെ എടശ്ശേരികുന്ന് റോഡ്, വഖഫ് താഴം, തിരുവാലൂര്‍ കുനിമ്മല്‍ റോഡ്, മാണിയോട്ട് മൂല, നൂഞ്ഞിക്കര, ചെറുവട്ടൂര്‍ മതിയംകല്ലിങ്ങല്‍, വള്ളിക്കാട്, കിഴക്കുവീട്ടില്‍ റോഡുകളാണ് വെള്ളത്തിനടിയിലായത്.

തിങ്കളാഴ്ച രാത്രിയോടെയാണ് ചാലിയാര്‍ പുഴയില്‍ നിന്ന് എടക്കടവ് തോട് വഴി പാടത്തേക്ക് വെള്ളം ഒഴുകിത്തുടങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെ ഒഴുക്കിന് ശക്തികൂടി. ഗതാഗതം നിലച്ചതിനാല്‍ വിദ്യാര്‍ഥികളടക്കം പ്രദേശവാസികള്‍ ഏറെ ദുരിതത്തിലായി.

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.

വെള്ളപ്പൊക്കം കാരണം വിദ്യാലയങ്ങളില്‍ ഹാജര്‍ കുറവായിരുന്നു. കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇരുവഞ്ഞിപ്പുഴ വഴി ചാലിയാറിലേക്ക് വെള്ളം അതിശക്തിയായി എത്തിയതാണ് ഈഭാഗങ്ങളില്‍ വെള്ളം ഉയരാന്‍ കാരണം.

More News from Malappuram