കാസ്റ്റിങ് വോട്ടിലൂടെ വീണ്ടും പ്രസിഡന്റായി

Posted on: 04 Feb 2012



പള്ളിക്കല്‍: കാസ്റ്റിങ് വോട്ട് ചെയ്യാനുള്ള അവകാശം തനിക്ക്‌വേണ്ടി തന്നെ പ്രയോജനപ്പെടുത്തി ലീഗ് നേതാവ് വീണ്ടും പഞ്ചായത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റായി.

പള്ളിക്കല്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി പ്രസിഡന്റായ വി.പി. അബ്ദുല്‍ ഷുക്കൂറാണ് വ്യാഴാഴ്ച രാത്രി പള്ളിക്കല്‍ എ.എം.യു.പി.സ്‌കൂളില്‍ നടന്ന പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ കാസ്റ്റിങ് വോട്ട് തനിക്ക് വേണ്ടി തന്നെ ചെയ്തത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വി.പി. അബ്ദുല്‍ ഷുക്കൂറിന് പുറമെ എതിര്‍ വിഭാഗത്തില്‍പ്പെട്ട അബൂബക്കര്‍ കൂനോള്‍മാടും മത്സര രംഗത്തുണ്ടായിരുന്നു. 120 കൗണ്‍സിലര്‍മാര്‍ വോട്ടുരേഖപ്പെടുത്തിയപ്പോള്‍ ഇരുകൂട്ടര്‍ക്കും 60 വീതം വോട്ടുകിട്ടി. നിലവിലുള്ള പ്രസിഡന്റെന്ന നിലയ്ക്ക് കാസ്റ്റിങ് വോട്ടുചെയ്യാന്‍ ഷുക്കൂറിന് അവസരം ലഭിക്കുകയും അദ്ദേഹമത് തനിക്ക് തന്നെ രേഖപ്പെടുത്തുകയും ചെയ്തു. അങ്ങനെ വി.പി. അബ്ദുല്‍ ഷുക്കൂര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റായ കെ.പി. മുസ്തഫ തങ്ങളുടെ വിഭാഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുസ്‌ലിംലീഗ് കമ്മിറ്റി പ്രസിഡന്റുമായ വി.പി. അബ്ദുല്‍ഷുക്കൂര്‍ വിഭാഗവും പള്ളിക്കല്‍ പഞ്ചായത്ത് മുസ്‌ലിംലീഗിനുള്ളിലെ വിഭിന്ന ചേരികളായിട്ട് കാലമേറെയായി.

ഷുക്കൂറിനെതിരെ മത്സരിച്ച അബൂബക്കര്‍ മുസ്തഫ പക്ഷക്കാരനാണ്.

കമ്മിറ്റിയുടെ മറ്റു ഭാരവാഹികള്‍: പി. അബ്ദുള്‍ അസീസ്, പേങ്ങാട്ട് അബ്ദുല്‍ഖാദര്‍ (വൈസ് പ്രസി). കെ. ലിയാക്കത്തലി (സെക്ര), കെ.വി. ജബ്ബാര്‍, സെയ്തലവി (ജോ.സെക്ര), കെ. അബൂബക്കര്‍ (ട്രഷ) എന്നിവരാണ്.

More News from Malappuram