പുഴയില്‍ മീന്‍പിടിക്കുന്ന കര്‍ണാടക സ്വദേശികള്‍ വീണ്ടുമെത്തി

Posted on: 04 Feb 2012



പൊന്നാനി: കാലവര്‍ഷം കഴിഞ്ഞു. പുഴ കേന്ദ്രീകരിച്ച് മത്സ്യം പിടിക്കുന്ന കര്‍ണാടക സ്വദേശികളെത്തി. മൈസൂരിലെ ഹുന്‍സൂര്‍ സ്വദേശികളായ എട്ടോളം കുടുംബങ്ങളിലെ മുപ്പതോളം പേരാണ് ഈശ്വരമംഗലത്തെ ഭാരതപ്പുഴയോരത്ത് തമ്പടിച്ച് മീന്‍പിടിത്തത്തിലേര്‍പ്പെട്ടിരിക്കുന്നത്.

മുളകൊണ്ട് നിര്‍മിച്ച പ്രത്യേക രീതിയിലുള്ള കുട്ട തോണിയിലാണ് സ്ത്രീകളടക്കമുള്ള സംഘം ഭാരതപ്പുഴ കേന്ദ്രീകരിച്ച് മീന്‍പിടിക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെ പുഴയിലിറങ്ങുന്ന ഇവര്‍ ഏഴരയോടെ തിരിച്ചുകയറും. കരിമീന്‍, പൂളാന്‍, മാലാന്‍, ചെമ്പല്ലി, എളമീന്‍, ഏട്ടകുട്ടികള്‍, ഞണ്ട് തുടങ്ങി വിവിധ മത്സ്യങ്ങള്‍ ഇവരുടെ വലയില്‍ യഥേഷ്ടം. ആദ്യവില്പന പുഴയോരത്ത് തന്നെ. നാട്ടുകാര്‍ക്കാണ് മുന്‍ഗണന. അതുകഴിഞ്ഞ് ബാക്കി വന്നാല്‍ മാത്രം മാര്‍ക്കറ്റിലേക്ക്. മാര്‍ക്കറ്റില്‍ കിലോക്ക് 250 മുതല്‍ മുന്നൂറ് രൂപ വരെ ഈടാക്കുന്ന പുഴമത്സ്യം ഇവരില്‍ നിന്നും നൂറ്, നൂറ്റമ്പത് രൂപയ്ക്കുള്ളില്‍ ലഭിക്കും. എന്നാല്‍ പുഴയില്‍ മീന്‍പിടിക്കുന്ന നാട്ടുകാരായ തൊഴിലാളികളുടെ ആക്രമണത്തിന് പലപ്പോഴും കര്‍ണാടക സ്വദേശികള്‍ ഇരയാവാറുണ്ട്.

ഇവിടെ മത്സ്യം പിടിക്കുന്നതിലുള്ള പ്രതിഷേധമാണിതിന് കാരണമെന്ന് ഇവര്‍ പറയുന്നു. കര്‍ണാടകക്കാരുടെ വലകള്‍ നാട്ടിലെ മീന്‍പിടിത്തക്കാര്‍ എടുത്തുകൊണ്ടുപോയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. പുഴയില്‍ മത്സ്യം കുറവുവരുന്ന സമയങ്ങളില്‍ ബിയ്യം കായല്‍, ഐലക്കാട് കായല്‍, കോള്‍നിലങ്ങള്‍ എന്നിവിടങ്ങളിലേക്കും ഇവര്‍ പോവും. ഈശ്വരമംഗലത്ത് പുഴയോരത്ത് ടെന്റ് കെട്ടി താമസിക്കുന്ന ഈ കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും മീന്‍പിടിക്കുന്നതില്‍ വിദഗ്ധരാണ്.

Tags:    . Kerala. കേരളം