ജീവിതം തിരിച്ചുപിടിക്കാന്‍ കൃഷ്ണകുമാര്‍; കൂടെ ഒരുനാടിന്റെ പിന്തുണയും

Posted on: 04 Feb 2012



നിലമ്പൂര്‍: ട്രെയിന്‍തട്ടി രണ്ട് കാലുകളും ഒരു കൈയും നഷ്ടപ്പെട്ടെങ്കിലും ജീവിതം തിരിച്ചുപിടിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് കൃഷ്ണകുമാര്‍. ജനവരി 20ന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു കൃഷ്ണകുമാറിന്റെ ജീവിതം മാറ്റിമറിച്ച അപകടം. ഇന്ന് ജീവിതം തിരിച്ചുപിടിക്കാന്‍ കൃഷ്ണകുമാര്‍ ഒരുങ്ങുമ്പോള്‍ ഒരു നാടുമുഴുവന്‍ സഹായ വാഗ്ദാനങ്ങളുമായി കൂടെയുണ്ട്.

ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തിലെ കൈപ്പിനി അമ്പലപ്പൊയിലിലെ പരേതനായ പെരുമ്പിലാവില്‍ മുരാരിനായരുടെ മൂത്തമകനാണ് കൃഷ്ണകുമാര്‍. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ എറണാകുളം ചാപ്റ്ററിലെ വിദ്യാര്‍ഥിയായ കൃഷ്ണകുമാര്‍ കോട്ടയത്തേക്ക് പോകാനാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. രാത്രി രാജ്യറാണിയില്‍ കയറാന്‍ പ്ലാറ്റ്‌ഫോമിലേക്ക് റെയില്‍പാളം മുറിച്ചു കടക്കുകയായിരുന്നു. ആവശ്യത്തിന് വെളിച്ചമില്ലാത്ത ട്രാക്കില്‍ രാജ്യറാണിയുടെ ട്രാക്ക്മാറ്റം അറിഞ്ഞില്ല. പ്ലാറ്റ്‌ഫോമിലേക്ക് ഓടിക്കയറിയപ്പോഴേക്കും വണ്ടി ഇടിച്ചു.

മുറിഞ്ഞ കാലുകളും മറ്റും ആസ്​പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നു പ്രഥമ പരിഗണന. ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്​പത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.

കാലുകളും വലതുകൈയും നഷ്ടമായെങ്കിലും ജീവിതം തീര്‍ന്നു എന്ന് സങ്കടപ്പെടാന്‍ കൃഷ്ണകുമാര്‍ ഒരുക്കമല്ല. ഇനിയും പഠിക്കണമെന്നാണ് മോഹം. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് ഇടതുകൈകൊണ്ട് ഇപ്പോള്‍ത്തന്നെ എഴുതി പരിശീലിക്കുന്നുണ്ട്. കൃത്രിമകാലുകള്‍ വെച്ചാണെങ്കിലും ജീവിതത്തോട് പൊരുതാന്‍ തന്നെയാണ് തീരുമാനം. ഇതറിഞ്ഞതോടെ ഒരു ഗ്രാമം മുഴുവന്‍ കൃഷ്ണകുമാറിന് പിന്തുണയുമായെത്തിയിരിക്കുകയാണ്.

കഴിഞ്ഞദിവസം മണ്ണാത്തി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രദേശവാസികളുടെ യോഗം സഹായ പ്രഖ്യാപനം നടത്തുകയായിരുന്നു. തുടര്‍ പഠനത്തിനും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്താനാണ് നാട്ടുകാരുടെ ശ്രമം. അതിനായി മുന്‍ പഞ്ചായത്തംഗവും പൊതുപ്രവര്‍ത്തകനുമായ എം.ആര്‍. ജയചന്ദ്രന്‍ ചെയര്‍മാനും സി.വി. സുബ്രഹ്മണ്യന്‍ കണ്‍വീനറുമായ 20 അംഗ കമ്മിറ്റിയും രൂപവത്കരിച്ചു. നിലമ്പൂര്‍ എസ്.ബി.ടിയില്‍ 67172369531 എന്ന നമ്പറിലും ചുങ്കത്തറ സഹകരണബാങ്കില്‍ ജെ 12832 എന്ന നമ്പറിലും അക്കൗണ്ടുകള്‍ തുടങ്ങി.

More News from Malappuram