വാര്‍ഡ് മെമ്പറും ഭരണകക്ഷിയും അറിയാതെ നടന്ന കുടിവെള്ള പദ്ധതി ഉദ്ഘാടനം

Posted on: 04 Feb 2012



കരുളായി: വാര്‍ഡ്‌മെമ്പറും ഭരണകക്ഷിയുമറിയാതെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കരുളായി ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ പാലക്കുന്ന് എസ്.ടി.കോളനിയിലേക്കുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനമാണ് കോളനിവാസികള്‍ ചേര്‍ന്ന് നടത്തിയത്. പദ്ധതിക്ക് കിണര്‍ കുഴിക്കാന്‍ സൗജന്യമായി സ്ഥലം നല്‍കിയ പൂശാലി രാവുണ്ണി, ടാപ്പ് തുറന്നാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഉയര്‍ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ പട്ടികവര്‍ഗ്ഗ കോളനിയില്‍ കിണര്‍ ഉണ്ടെങ്കിലും വേനലില്‍ വറ്റും. പിന്നെ ഏറെ ദൂരം നടന്നാണ് ഇവര്‍ വീട്ടാവശ്യത്തിനുള്ള വെള്ളം കൊണ്ടുവന്നിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഇവിടെ രണ്ടുകിണര്‍ കുഴിച്ചെങ്കിലും അടിയില്‍ പാറയായതിനാല്‍ അത് മണ്ണിട്ട് മൂടുകയായിരുന്നു. നിലവിലുള്ള കിണറിന്റെ അടിഭാഗവും പാറയാണ്.

ബ്ലോക്ക് പഞ്ചായത്തിന്റെ 2009-2010 വര്‍ഷത്തെ പദ്ധതിയിലാണ് കുടിവെള്ള പദ്ധതിക്ക് രണ്ടുലക്ഷം രൂപ അനുവദിച്ചത്. വൈദ്യുതിക്ക് കഴിഞ്ഞ ഭരണസമിതിയാണ് ഫണ്ട് അനുവദിച്ചിരുന്നത്. വൈദ്യുതി ലഭിക്കാന്‍ ഏറെ വൈകിയതാണ് പദ്ധതിയുടെ ഉദ്ഘാടനം നീളാന്‍ കാരണമായതെന്ന് കോളനിവാസികള്‍ പറഞ്ഞു. പണി പൂര്‍ത്തിയായപ്പോള്‍ പദ്ധതിക്കായി സഹകരിച്ചവരെ വിളിച്ചുചേര്‍ത്ത് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്നും കോളനിക്കാര്‍ പറഞ്ഞു.

അതേസമയം ഞായറാഴ്ച വൈകുന്നേരം മൂന്നുമണിക്ക് പദ്ധതിയുടെ ഉദ്ഘാടനം തീരുമാനിച്ചതായിരുന്നുവെന്നും, ഈ വിവരം കോളനിവാസികളെ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് വാര്‍ഡ് മെമ്പറും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷീബ പൂഴിക്കുത്ത് പറഞ്ഞു. വെള്ളിയാഴ്ച നടന്ന ഉദ്ഘാടനത്തെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നും ഞായറാഴ്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഈ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നും ഷീബ പറഞ്ഞു.

പ്രതിപക്ഷ അംഗങ്ങളായ പി.കെ.അംബികാദേവി, ഇ.വസന്തകുമാരി എന്നിവര്‍ വെള്ളിയാഴ്ച നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. കോളനിവാസികള്‍ വിളിച്ചതിനാലാണ് തങ്ങള്‍ പരിപാടിക്കെത്തിയതെന്നാണ് ഇവരുടെ വിശദീകരണം. ഔദ്യോഗിക ഉദ്ഘാടനത്തിനു മുമ്പുനടന്ന ഉദ്ഘാടനം വിവാദത്തിലേക്ക് നീങ്ങുകയാണ്.

More News from Malappuram