അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ത്തു; ഐ.ഇ.ഡി കെട്ടിടത്തിന് പുതുജീവന്‍

Posted on: 04 Feb 2012



വണ്ടൂര്‍: വി.എം.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിര്‍മാണത്തിനിടെ തകര്‍ന്നുവീണ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള കെട്ടിടനിര്‍മാണം വീണ്ടും തുടങ്ങി. ആറുലക്ഷം രൂപ സ്വരൂപിച്ചാണ് പണി തുടങ്ങിയത്. അധ്യാപകര്‍, രക്ഷിതാക്കള്‍, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍, പൗരപ്രമുഖര്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കണ്ടെത്തുന്നത്.

കഴിഞ്ഞ ജൂണ്‍ 17നായിരുന്നു കെട്ടിടം തകര്‍ന്നുവീണത്. മേല്‍ക്കൂരയിലെ ചെറിയ ഒരുഭാഗം വാര്‍ക്കുന്നതിനിടെ വീഴുകയായിരുന്നു. സംസ്ഥാനത്തുതന്നെ അഞ്ചിടങ്ങളില്‍ മാത്രമാണ് ഇത്തരം കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതിയായിട്ടുള്ളത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നും ഇപ്പോള്‍ ശബ്ദ, ശാരീരിക, മാനസിക ചികിത്സകള്‍ക്കായി കുട്ടികള്‍ സ്‌കൂളിലെത്തുന്നുണ്ട്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ 42ഓളം കുട്ടികള്‍ ഇപ്പോള്‍ ഒറ്റ മുറിയിലാണ് ചികിത്സ തേടുന്നത്.

കെട്ടിടം തകര്‍ന്നുവീണത് പണിയിലെ ക്രമക്കേടും പ്ലാനിലെ തകരാറും കാരണമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഉന്നതസമിതിയുടെ തെളിവെടുപ്പില്‍ കനത്ത മഴയാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് കണ്ടെത്തി. 11ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടത്തുന്നത്. പ്ലാനില്‍ പുതിയ തൂണുകള്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. കെട്ടിടം തകര്‍ന്നുവീണ് മഴയില്‍ ദിവസങ്ങള്‍ കിടന്നതിനാല്‍ പഴയകല്ല്, കമ്പികള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് 31നകം പണി തീര്‍ക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു.

More News from Malappuram