സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം: ജില്ലയുടെ അഭിമാനമുയര്‍ത്തി വള്ളിക്കാപ്പറ്റ അന്ധവിദ്യാലയം
Posted on: 04 Feb 2012
മഞ്ചേരി: സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കാഴ്ച വൈകല്യമുള്ളവരുടെ പ്രൈമറി വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊണ്ട് വള്ളിക്കാപ്പറ്റ കേരള അന്ധവിദ്യാലയം ജില്ലയുടെ അഭിമാനമായി. പ്രസംഗമത്സരത്തില്‍ ഒന്നാംസ്ഥാനവും അഞ്ച് രണ്ടാം സ്ഥാനങ്ങളും പങ്കെടുത്ത മുഴുവന്‍ ഇനങ്ങളിലും എ ഗ്രേഡും നേടിക്കൊണ്ടാണ് ചാമ്പ്യന്‍ഷിപ്പ് നേടിയത്. ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പിയില്‍ നിന്ന് കലാപ്രതിഭകള്‍ ട്രോഫി സ്വീകരിച്ചു. ആറ് വിഭാഗങ്ങളിലെ മത്സരങ്ങളില്‍ ജില്ലയ്ക്ക് ലഭിച്ച ഏക ചാമ്പ്യന്‍ഷിപ്പ് കൂടിയാണ് ഇത്.
വി.കെ.നസീഫ് (പ്രസംഗം- ഒന്നാംസ്ഥാനം), മുഹമ്മദ് ആഷിഖ്.പി (ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യപാരായണം-രണ്ടാംസ്ഥാനം), സല്‍മ തസ്‌നിം.പി (മോണോ ആക്ട്-രണ്ടാംസ്ഥാനം), അര്‍ജ്ജുന്‍.സി (ഉപകരണ സംഗീതം-രണ്ടാംസ്ഥാനം) എന്നീ കുട്ടികളാണ് ചാമ്പ്യന്‍ഷിപ്പ് നേടുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്.
പാലക്കാട്ട് നടന്ന കലോത്സവത്തില്‍ രണ്ട് പോയന്റിന് നഷ്ടമായ ചാമ്പ്യന്‍പട്ടമാണ് മഞ്ചേരിയില്‍ വെച്ച് കേരളാ അന്ധവിദ്യാലയം നേടിയെടുത്തത്.