കായികതാരങ്ങള്‍ക്ക് പ്രവേശനം
Posted on: 04 Feb 2012
മലപ്പുറം: കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും കേന്ദ്രീകൃത സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും 2012-13 അധ്യയന വര്‍ഷത്തെ 8-ാം ക്ലാസിലേക്ക് പ്രവേശനത്തിന് കായിക പ്രതിഭകളെ തിരഞ്ഞെടുക്കുന്നു. കായിക താരങ്ങള്‍ 14 വയസ്സില്‍ താഴെ ഉള്ളവരായിരിക്കണം. (01.01.1998ന് ശേഷം ജനിച്ചവര്‍).
അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ഫുട്‌ബോള്‍, ഹാന്‍ഡ്‌ബോള്‍, നീന്തല്‍, ബോക്‌സിങ്, കബഡി, ഖോ-ഖോ, ജൂഡോ, ഫെന്‍സിങ്, ഗുസ്തി, തയ്ക്വാണ്‍ഡോ, ആര്‍ച്ചറി, കനോയിങ്, കയ്യാക്കിങ്, റോവിങ് (ആലപ്പുഴ, തിരുവനന്തപുരം സെന്ററുകളില്‍ മാത്രം) എന്നീ കായിക ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൈക്കിളിങ്, വെയിറ്റ് ലിഫ്റ്റിങ് എന്നീ ഇനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുമാണ് തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് താഴെ പറയുന്ന യോഗ്യത ഉണ്ടായിരിക്കണം.
1. അത്‌ലറ്റിക്‌സില്‍ സബ്ബ് ജില്ലയില്‍ 3-ാംസ്ഥാനം, 2. മറ്റിനങ്ങളില്‍ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരത്തില്‍ പങ്കെടുത്തിരിക്കണം, 3. ബാസ്‌ക്കറ്റ് ബോള്‍ : പെണ്‍കുട്ടികള്‍ക്ക് കുറഞ്ഞപൊക്കം 160 സെമി, ആണ്‍കുട്ടികള്‍ക്ക് കുറഞ്ഞ പൊക്കം 166, സെ.മി, 4. വോളിബോള്‍: പെണ്‍കുട്ടികള്‍ക്ക് കുറഞ്ഞ പൊക്കം 160 സെ.മി, ആണ്‍കുട്ടികള്‍ക്ക് കുറഞ്ഞ പൊക്കം 170 സെ.മി, 5. ദേശീയ മത്സരങ്ങളില്‍ 1,2,3 സ്ഥാനം നേടുന്നവര്‍ക്ക് നേരിട്ട് പ്രവേശനം.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയിലെ കുട്ടികള്‍ ഫിബ്രവരി ഏഴിന് രാവിലെ 8.30ന് സ്‌പോര്‍ട്‌സ് കിറ്റ്, വയസ്സ് തെളിയിക്കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ എന്നിവയുമായി കോഴിക്കോട് ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ ഹാജരാകണം.
തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സൗജന്യ താമസം, ഭക്ഷണം, യൂണിഫോം, കായിക ഉപകരണങ്ങള്‍, കിറ്റ് അലവന്‍സ്, വൈദ്യപരിശോധന എന്നിവ അനുവദിക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കേരളാ സ്റ്റേറ്റ്‌സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ www.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2734701.