ഭാരതപ്പുഴയോരത്ത് വാക്‌വേയും കള്‍ച്ചറല്‍ മ്യൂസിയവും വരുന്നു
Posted on: 04 Feb 2012
പൊന്നാനി: ഭാരതപ്പുഴയോരം മനോഹരമായ ടൂറിസം കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതം. നിര്‍ദ്ദിഷ്ട കര്‍മ്മ റോഡിന്റെ ഇരുവശത്തും 'വാക്ക് വേ' നിര്‍മ്മിക്കാനും കള്‍ച്ചറല്‍ മ്യൂസിയം നിര്‍മ്മിക്കാനും എം.എല്‍.എ. പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. എം.എല്‍.എയും ഡി.ടി.പി.സി. അധികൃതരും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
14 കോടി രൂപ ചെലവഴിച്ചാണ് കര്‍മ്മ റോഡ് നിര്‍മ്മിക്കുന്നത്. പൊന്നാനി പട്ടണത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാനുതകുന്ന സമാന്തര പാതയാണിത്. ചമ്രവട്ടം പദ്ധതി പ്രദേശത്തുനിന്നും ഫിഷിങ് ഹാര്‍ബര്‍ പ്രദേശം വരെ ഭാരതപുഴയോരത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. റോഡിനോട് ചേര്‍ന്ന് മൂന്നര മീറ്റര്‍ വീതിയില്‍ പൂന്തോട്ടത്തോടും വെളിച്ച സംവിധാനത്തോടും കൂടിയാണ് വാക്ക്‌വേ നിര്‍മ്മിക്കുകയെന്ന് എം.എല്‍.എ. പറഞ്ഞു. ചമ്രവട്ടം പ്രൊജക്ട് ഓഫീസിനോട് ചേര്‍ന്നാണ് കള്‍ച്ചറല്‍ മ്യൂസിയം നിര്‍മ്മിക്കുക. എം.പി, എം.എല്‍.എ, ഫണ്ടുകളും ഇതര സര്‍ക്കാര്‍ ഫണ്ടുകളും ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറെക്കര, അഴിമുഖം ടൂറിസം പദ്ധതികളുമായി 'ഭാരതപ്പുഴയോരം-സ്വപ്നപദ്ധതി' ബന്ധിപ്പിക്കുന്നതോടെ വികസനരംഗത്ത് കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.