എന്‍ജിനിയറിങ്- മെഡിക്കല്‍ പ്രവേശന പരീക്ഷ: വരുമാന സര്‍ട്ടിഫിക്കറ്റിന് രക്ഷിതാക്കള്‍ നെട്ടോട്ടത്തില്‍
Posted on: 04 Feb 2012
മഞ്ചേരി: കേരള മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ അപേക്ഷാഫോറത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വരുമാനം രേഖപ്പെടുത്തുന്നതിനുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ലഭിക്കാന്‍ രക്ഷിതാക്കള്‍ നെട്ടോട്ടത്തില്‍. പലതവണ ഓഫീസില്‍ കയറിയിറങ്ങിയിട്ടാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷയിലും വരുമാന സര്‍ട്ടിഫിക്കറ്റിലും രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം വ്യത്യാസം വരികയുമരുത്. അതുകൊണ്ട് ആദ്യം ഓണ്‍ലൈനില്‍ സെക്യൂരിറ്റി കോഡും മറ്റ് വിവരങ്ങളും നല്‍കിയശേഷം വരുമാന സര്‍ട്ടിഫിക്കറ്റിനായി ഓടണം. സര്‍ട്ടിഫിക്കറ്റ് കിട്ടിയശേഷം വരുമാനം ചേര്‍ക്കാനായി വീണ്ടും ഓണ്‍ലൈന്‍ അപേക്ഷ തയ്യാറാക്കണം.
നാലരലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് സംവരണാനുകൂല്യങ്ങള്‍ ലഭിക്കുക. സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയുമായി പല വില്ലേജ് ഓഫീസുകളും കയറിയിറങ്ങേണ്ട ഗതികേടുമുണ്ട്. അച്ഛന്റെയും അമ്മയുടെയും കുടുംബാംഗങ്ങളുടെയും താമസസ്ഥലത്തെ സ്വത്തുവിവരം അതത് വില്ലേജ് ഓഫീസര്‍മാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. റവന്യു സംബന്ധമായ ജോലികള്‍ക്കും പൊതുജന പരാതികള്‍ അന്വേഷിക്കുന്നതിനും താലൂക്ക്തല പരാപാടികള്‍ക്കും പുറത്തുപോകേണ്ടിവരുന്ന വില്ലേജ് ഓഫീസര്‍മാരെ കാത്ത് രക്ഷിതാക്കള്‍ ദിവസംമുഴുവന്‍ ഓഫീസുകളില്‍ തങ്ങേണ്ടിവരുന്നുണ്ട്. മഞ്ചേരി നഗരസഭയിലെ 50 വാര്‍ഡുകളില്‍ പകുതിയും ഉള്‍പ്പെടുന്ന നറുകര വില്ലേജില്‍ അസാധാരണമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷയില്‍ വരുമാനം സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അപേക്ഷാസമയത്ത് നല്‍കേണ്ട. പ്രവേശനം ലഭ്യമാകുന്നതനുസരിച്ച് വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുന്ന അഖിലേന്ത്യാ മാതൃക കേരളത്തിലും നടപ്പാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം 10 ദിവസത്തിനകം അവസാനിക്കുന്നുവെന്നതും കുട്ടികളുടെയും രക്ഷിതാക്കളുടെയും വേവലാതി കൂട്ടുകയാണ്.