ജില്ലയുടെ സമഗ്രവികസനം: വകുപ്പുകള്‍ സമര്‍പ്പിച്ച രൂപരേഖ അപൂര്‍ണം
Posted on: 04 Feb 2012
മലപ്പുറം: ജില്ലയുടെ സമഗ്ര വികസന പദ്ധതിക്കായി വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച വികസന രൂപരേഖ പൂര്‍ണമല്ലെന്ന് ജില്ല സമഗ്ര മാസ്റ്റര്‍ പ്ലാന്‍ കോര്‍കമ്മിറ്റി യോഗം വിലയിരുത്തി. ഓരോ മേഖലയിലും നടപ്പാക്കേണ്ട വികസനങ്ങളുടെ വ്യക്തമായ രൂപരേഖയാണ് വകുപ്പുതല ഉദ്യോസ്ഥരോട് നല്‍കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പലതും വ്യക്തമായ ആശയങ്ങള്‍ ഇല്ലാതെയാണ് ലഭിച്ചതെന്ന് പദ്ധതി കോ- ഓര്‍ഡിനേറ്റര്‍ മദനമോഹന്‍ യോഗത്തില്‍ പറഞ്ഞു.
സാമ്പത്തിക വര്‍ഷാവസാനംമാത്രം വികസനഫണ്ടുകള്‍ ഉപയോഗിക്കുന്ന രീതിയില്‍ മാറ്റം വരുത്താനും ജില്ലയുടെ സമഗ്ര വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാനും ശനിയാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു.
ഓരോ മേഖലയിലേക്കും ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കാന്‍ ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളേയും നഗരസഭകളേയും യോഗം ചുമതലപ്പെടുത്തി. ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി 20 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല പദ്ധതികളാവിഷ്‌കരിച്ച് മുന്‍ഗണനാക്രമത്തില്‍ പഞ്ചവത്സര പദ്ധതികളിലൂടെ നടപ്പാക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എം.സി മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.കെ.എ റസാഖ്, ജില്ലാ പഞ്ചായത്തംഗം ഉമര്‍ അറക്കല്‍, പി.കെ ഉമ്മാച്ച കുട്ടി, സി.എച്ച് ജമീല, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ. മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.