കാളികാവ്: കൃഷിയിടമില്ലാത്ത കുടുംബം ടെറസില്‍ വിളവിറക്കി വിജയഗാഥ രചിക്കുന്നു. കാളികാവ് ഭഗവതിക്ഷേത്രത്തിന് സമീപത്തുള്ള ചാത്തവന കിഴക്കേതില്‍ സുരേഷ് കുമാറിന്റെ ടെറസിലാണ് മകരക്കൊയ്ത്തിന് പാകമായി നെല്ല് കതിരണിഞ്ഞത്. ഏഴാം ക്ലാസുകാരനായ മകന്റെ കൃഷിമോഹമാണ് വീടിനുമുകളില്‍ വിളവിറക്കാന്‍ സുരേഷ്‌കുമാറിന്റെ കുടുംബത്തെ പ്രേരിപ്പിച്ചത്.
കാളികാവ് ബസാര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ പഠിക്കുന്ന നിരഞ്ജന്‍ മാതൃഭൂമി സീഡ് ക്ലബിന് കീഴിലുള്ള കുട്ടിക്കര്‍ഷകരിലെ പ്രധാനിയാണ്. സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ മുറ്റത്ത് പച്ചക്കറി വിളയിക്കാനും അമ്പലപ്പാടത്ത് ഞാറ് നടാനും കൊയ്ത്തിനുമിറങ്ങിയ നിരഞ്ജന് സ്വന്തമായി കൃഷി നടത്താന്‍ മോഹമുദിച്ചു. വീട് നില്‍ക്കുന്ന 10 സെന്റ് സ്ഥലമാണുള്ളതെങ്കിലും മകന്റെ താത്പര്യം മനസ്സിലാക്കിയ സുരേഷും ഭാര്യ ഷീബയും ടെറസില്‍ കൃഷിനടത്താന്‍ തീരുമാനിക്കുകയായിരുന്നു.
നിരഞ്ജനും സഹോദരങ്ങളായ പൂക്കോട്ടുംപാടം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി ജിഷ്ണുവും കാളികാവ് ബസാര്‍ സ്‌കൂളിലെ അഞ്ചില്‍ പഠിക്കുന്ന ഋതിക് കൃഷ്ണനും ചേര്‍ന്ന് പുരപ്പുറത്ത് കൃഷിയിടമൊരുക്കി. ടെറസില്‍ സാധാരണയായി നടത്തിവരുന്ന പച്ചക്കറി നടാനായിരുന്നു സുരേഷിന്റെയും ഷീബയുടെയും തീരുമാനം. എന്നാല്‍ നെല്‍കൃഷിയോടായിരുന്നു നിരഞ്ജന് താത്പര്യം. ഇതിന് മുത്തച്ഛന്‍ ജനാര്‍ദ്ദനന്‍ പിന്തുണ നല്‍കി. ഒന്നാംതരം ഉമ നെല്‍വിത്ത് അദ്ദേഹം സംഘടിപ്പിക്കുകയും ചെയ്തു
നിരഞ്ജനും സഹോദങ്ങളും ദിവസവും രണ്ടുനേരം കൃഷിയിടം നനച്ചുകൊടുക്കും. ജൈവകൃഷിയായിരിക്കണമെന്ന നിര്‍ബന്ധമുള്ളതിനാല്‍ ചാണകം കലക്കിയ വെള്ളം മാത്രമാണ് വളമായി നല്‍കിയിരുന്നത്. നാല്‌വര്‍ഷം മുമ്പ് പണിത വീടിനു മുകളില്‍ ആദ്യമായിട്ടാണ് കൃഷി നടത്തുന്നത്.
മകരത്തില്‍ത്തന്നെ കൊയ്യാനാകുമെന്നാണ് കുട്ടിക്കര്‍ഷകര്‍ പറയുന്നത്. പരമ്പരാഗത കര്‍ഷക വേഷമണിഞ്ഞും മറ്റും കാളികാവ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക ജോലികള്‍ കുട്ടികളില്‍ കൃഷിതാത്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ടെന്ന് അധ്യാപകനായ സീഡ്ക്ലബ് കോര്‍ഡിനേറ്റര്‍ രജീഷ് പറഞ്ഞു.