മലയാളം സര്‍വകലാശാലയ്ക്കുള്ള സ്ഥലം തുഞ്ചന്‍ പറമ്പിലില്ല- മന്ത്രി കെ.സി. ജോസഫ്
Posted on: 04 Feb 2012
പുതിയ ആസ്ഥാനം സ്‌പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനുശേഷം
തിരൂര്‍: മലയാളം സര്‍വകലാശാല സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം തുഞ്ചന്‍ പറമ്പിലില്ലെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. സ്‌പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ സര്‍വകലാശാലയുടെ ആസ്ഥാനം എവിടെയെന്ന് തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു. തുഞ്ചന്‍പറമ്പില്‍ കുട്ടികളുടെ ലൈബ്രറി ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
സ്‌പെഷല്‍ ഓഫീസര്‍ ജയകുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്ക് സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എം.ടി. വാസുദേവന്‍ നായര്‍ തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാനായി ചുമതലയേറ്റശേഷം ശ്രദ്ധേയ മാറ്റങ്ങളാണ് തുഞ്ചന്‍പറമ്പിനും മലയാള ഭാഷയ്ക്കും ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുഞ്ചന്‍ പറമ്പിന്റെ വികസനത്തിനായി പൂര്‍ണസഹായം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.