എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ: മാര്‍ഗനിര്‍ദേശങ്ങളായി

Posted on: 04 Feb 2012



അരീക്കോട്: വിദ്യാഭ്യാസ വകുപ്പിന്റെ ലോവര്‍ സെക്കന്‍ഡറി, അപ്പര്‍ സെക്കന്‍ഡറി സ്‌കോളര്‍ഷിപ്പ്പരീക്ഷകളുടെ പോര്‍ട്ട്‌ഫോളിയോകള്‍ എങ്ങനെ തയ്യാറാക്കണമെന്നതും, വിലയിരുത്തണമെന്നതും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളായി. 18നാണ് പരീക്ഷ. കഴിഞ്ഞവര്‍ഷം വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാതിരുന്നത് പരിശീലിപ്പിച്ച അധ്യാപകരേയും വിദ്യാര്‍ഥികളേയും മൂല്യനിര്‍ണയം നടത്തിയവരേയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷാഭവന്‍ സെക്രട്ടറി 30ന് നിര്‍ദേശങ്ങള്‍ ഇറക്കിയത്.

ഇതനുസരിച്ച് എല്‍.എസ്.എസ് പരീക്ഷയ്ക്ക് ഭാഷ, ഗണിതം, പരിസരപഠനം എന്നീ വഷയങ്ങളുമായി ബന്ധപ്പെട്ട പോര്‍ട്ട്‌ഫോളിയോകളാണ് വിദ്യാര്‍ഥികള്‍ ഹാജരാക്കേണ്ടത്. ഭാഷയില്‍ കതിരില്ലാപ്പാടങ്ങള്‍, കലകളുടെ കളിത്തൊട്ടില്‍, മായുന്ന നിറച്ചാര്‍ത്തുകള്‍ എന്നീ യൂണിറ്റുകളില്‍നിന്നും പരിസരപഠനത്തില്‍ എന്റെ കേരളം, സ്വാതന്ത്ര്യത്തിന്റെ വഴികള്‍, സസ്യലോകത്തേക്ക് എന്നീ യൂണിറ്റുകളില്‍നിന്നും ഗണിതത്തില്‍ നാം നാടിനും നാട് നമുക്കും, മുത്തശ്ശി പറഞ്ഞതും ഞാന്‍ അറിഞ്ഞതും, തൊഴിലും കൂലിയും എന്നീ യൂണിറ്റുകളില്‍നിന്നുമുള്ള പഠനത്തെളിവുകളാണ് പരിഗണിക്കുക.

ഉള്ളടക്കത്തെക്കുറിച്ചുള്ള ധാരണ, ഉള്ളടക്കത്തിന്റെയും പോര്‍ട്ട് ഫോളിയോയുടെയും ക്രമീകരണത്തിലും രേഖപ്പെടുത്തലിലുമുള്ള മികവ്, സ്വീകരിച്ച പഠനപ്രക്രിയ, പഠനത്തിലെ ക്രമാനുഗതമായ വളര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തല്‍.

നിര്‍ദിഷ്ട ഇനങ്ങളില്‍നിന്ന് തന്റെ മികവ് വ്യക്തമാക്കുന്ന തെളിവുകള്‍ വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുത്ത് അവതരിപ്പിക്കാം. എല്ലാ യൂണിറ്റുകളെയും പ്രതിഫലിപ്പിക്കുന്ന പോര്‍ട്ട്‌ഫോളിയോ, പ്രത്യേകം ഫയലുകളോ നോട്ടുപുസ്തകങ്ങളോ ആകാം. നോട്ടുപുസ്തകമാണെങ്കില്‍ തിരഞ്ഞെടുത്ത ഇനത്തിന്റെ പേജില്‍ പേപ്പര്‍ സ്ലിപ്പ് ഒട്ടിക്കണം. ഇവ പരീക്ഷാദിവസം രാവിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. ഒരോ ഇനത്തിലും തയ്യാറാക്കിയ തീയതിയും ക്ലാസ് അധ്യാപകന്റെ ഫീഡ്ബാക്കും ഒപ്പും വേണം. ഓരോ വിഷയത്തിന്റെയും പോര്‍ട്ട് ഫോളിയോ തയ്യാറാക്കിയ മാസത്തിന്റെയും തീയതിയുടെയും അടിസ്ഥാനത്തില്‍ ക്രമീകരിക്കണം.

യു.പി. വിഭാഗക്കാര്‍ യു.എസ്.എസ്. പരീക്ഷയ്ക്ക് ഭാഷ, സാമൂഹികശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയിലാണ് പോര്‍ട്ട്‌ഫോളിയോ ഹാജരാക്കേണ്ടത്. ഭാഷയില്‍ ആസ്വാദനക്കുറിപ്പുകള്‍, ലേഖനങ്ങള്‍, പുറംതാള്‍ കുറിപ്പുകള്‍, ബ്രോഷര്‍ നിര്‍മാണം, ഡയറിക്കുറിപ്പുകള്‍ തുടങ്ങിയവയും സാമൂഹികശാസ്ത്രത്തില്‍ സര്‍വേ കുറിപ്പുകള്‍, ലഘുപ്രൊജക്ടുകള്‍, നിരീക്ഷണക്കുറിപ്പുകള്‍, അസൈന്‍മെന്റുകള്‍ എന്നിവയും അടിസ്ഥാനശാസ്ത്രത്തില്‍ പ്രൊജക്ടുകള്‍, പരീക്ഷണക്കുറിപ്പുകള്‍ നിരീക്ഷണക്കുറിപ്പുകള്‍, അസൈന്‍മെന്റുകള്‍ എന്നിവയും ഗണിതത്തില്‍ ഗണിതകേളികള്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍, പസിലുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്താം. ഓരോ വിഷയത്തിലും ഈ ഇനങ്ങളില്‍നിന്ന് കുട്ടി തിരഞ്ഞെടുക്കുന്ന ഒരിനത്തിന്റെ പഠനത്തെളിവുകളാണ് പോര്‍ട്ട് ഫോളിയോയില്‍ ഉള്‍ക്കൊള്ളിക്കേണ്ടത്. ഏറ്റെടുത്ത പഠനപ്രവര്‍ത്തനങ്ങളില്‍ സ്വന്തം മികവ് വ്യക്തമാക്കുന്ന പഠനത്തെളിവുകള്‍ തിരഞ്ഞെടുക്കാം. ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങളുമായുള്ള ബന്ധം, ഉള്ളടക്കത്തെക്കുറിച്ചുള്ള ധാരണ, ഉള്ളടക്കം ക്രമീകരിക്കുന്നതിലും രേഖപ്പെടുത്തുന്നതിലുമുള്ള മികവ്, സ്വീകരിച്ച പ്രക്രിയ, പഠന പുരോഗതി, എന്നിവ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍ നടത്തുക. പ്രത്യേക ഫയലായോ, പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായോ ചെയ്ത പഠനപ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയ നോട്ടുപുസ്തകമോ ആയി കാര്യങ്ങള്‍ തയ്യാറാക്കാം. നോട്ടുപുസ്തകമാണെങ്കില്‍ പരിഗണിക്കേണ്ട ഇനങ്ങള്‍ സ്ലിപ്പുവെച്ച് അടയാളപ്പെടുത്തി പരീക്ഷാദിവസം രാവിലെ പരീക്ഷാകേന്ദ്രത്തില്‍ കൊടുക്കണം. പ്രത്യേക ഫയലുകളാണെങ്കില്‍ ക്ലാസ് റൂം പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച ബോധ്യപ്പെടുത്തുന്ന തെളിവുകളും ഒപ്പം ഉണ്ടായിരിക്കണം. ഓരോ ഇനത്തിലും തയ്യാറാക്കിയ തീയതിയും അധ്യാപകന്റെ ഒപ്പും വേണം.

More News from Malappuram