രൂപരേഖാ പ്രകാശനത്തിലൊതുങ്ങി ഗലീലിയോ ശാസ്ത്രകേന്ദ്രം

Posted on: 04 Feb 2012



പെരിന്തല്‍മണ്ണ: മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് നൂതന ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ രീതികള്‍ പരിചയപ്പെടുത്താന്‍ തുടങ്ങിയ ഗലീലിയോ സയന്‍സ് സെന്ററിന്റെ നിര്‍മ്മാണം രൂപരേഖാ പ്രകാശനത്തിലൊതുങ്ങുന്നു.

രൂപരേഖാ പ്രകാശനം കഴിഞ്ഞ് ഒരുവര്‍ഷമാകാറായിട്ടും നിര്‍ദ്ദിഷ്ട കേന്ദ്രത്തിലേക്കുള്ള റോഡിന്റെ നിര്‍മ്മാണം മാത്രമാണ് നടന്നിട്ടുള്ളത്.

1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറ് ശാസ്ത്ര പരീക്ഷണശാലകള്‍, ശാസ്ത്രപാര്‍ക്ക്, പെഡഗോഗി പാര്‍ക്ക്, എനര്‍ജി പാര്‍ക്ക്, ജീവശാസ്ത്ര പാര്‍ക്ക്, ശാസ്ത്രസെമിനാറുകള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും ആധുനിക സംവിധാനങ്ങളിലുള്ള ഓഡിറ്റോറിയങ്ങള്‍, ഡിജിറ്റല്‍ ലൈബ്രറി, ഒബ്‌സര്‍വേറ്ററി ഡോര്‍മിറ്ററി തുടങ്ങിയവയാണ് വിഭാവനം ചെയ്തിരുന്നത്. വാനനിരീക്ഷണ സൗകര്യമൊരുക്കാനും തീരുമാനിച്ചിരുന്നു.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒന്നോ രണ്ടോ ദിവസം താമസിച്ച് ശാസ്ത്രപഠനവും പരീക്ഷണവും നടത്താനുള്ള സൗകര്യങ്ങളും ഉദ്ദേശിച്ചിരുന്നു.

അഞ്ച് വര്‍ഷംകൊണ്ട് ഘട്ടംഘട്ടമായി പൂര്‍ത്തിയാവും വിധത്തില്‍ സയന്‍സ് പ്രമോഷനില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി ചെലവ് വരുന്ന പദ്ധതി നിര്‍ദേശം സംസ്ഥാന ശാസ്ത്ര-സാങ്കേതിക വകുപ്പിന് സമര്‍പ്പിച്ചിരുന്നു. ഇതിലും തുടര്‍ നടപടി ഇല്ല.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തുടങ്ങാന്‍ തീരുമാനിച്ച സെന്ററിന് മണ്ണാര്‍ക്കാട് റോഡിലെ കുളിര്‍മലയില്‍ പെരിന്തല്‍മണ്ണ നഗരസഭ 1.36 ഏക്കര്‍ സ്ഥലം വിട്ടുനല്‍കി. ശാസ്ത്രജ്ഞരടക്കമുള്ള വിദഗ്ധര്‍ സന്ദര്‍ശിച്ച് ഇവിടം അനുയോജ്യമാണെന്ന് കണ്ടെത്തി.

ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, പെരിന്തല്‍മണ്ണ നഗരസഭ, സര്‍വ്വശിക്ഷാ അഭിയാന്‍, വി.എസ്.എസ്.സി, ഐ.എസ്.ആര്‍.ഒ, തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലും എം.പി. എ. വിജയരാഘവന്‍, മുന്‍ എം.എല്‍.എ. വി. ശശികുമാര്‍ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചും കേന്ദ്രം തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്.

സെന്ററില്‍ തുടങ്ങാനിരുന്ന പെഡഗോഗി പാര്‍ക്ക് മനഴി ബസ്സ്റ്റാന്റ് കെട്ടിടത്തില്‍ താത്കാലികമായി പ്രവര്‍ത്തിക്കുന്നുണ്ട്.

More News from Malappuram