തിരൂര്‍: എഴുത്തുകാരന്റെ രചനകളെയല്ല, ബ്രാന്‍ഡ് നെയിമുകളാണ് പുതിയ തലമുറ നോക്കിക്കാണുന്നതെന്ന് തുഞ്ചന്‍പറമ്പില്‍ നടന്ന സര്‍ഗസംഗമത്തില്‍ മോഡറേറ്ററായ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടപ്പോള്‍ എം. മുകുന്ദനും പിന്തുണച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് തനിക്കുണ്ടായ അനുഭവവും ഇതോടൊപ്പം പറഞ്ഞപ്പോള്‍ മലയാളിയുടെ പുതിയ വായനാപരിസരം എത്തിനില്‍ക്കുന്ന മൃതാവസ്ഥയെക്കുറിച്ച് സദസ്സിന് കൃത്യമായ ഓര്‍മപ്പെടുത്തലായി. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മുകുന്ദനെ ആളുമാറി യാത്രക്കാരന്‍ സമീപിച്ചതും രാമനുണ്ണി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രയാസമറിയിച്ചപ്പോള്‍ പകരം പ്രശസ്തരായ മറ്റാരെയെങ്കിലും നിര്‍ദേശിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടതും എഴുത്തുകാരന്റെ ബ്രാന്‍ഡ് നെയിമുകളോട് മാത്രമായി ഒരുങ്ങുന്ന പ്രതിപത്തിയുടെ അടയാളപ്പെടുത്തലായി.
വ്യാഴാഴ്ച നടന്ന കഥാകാരന്മാരുടെ സര്‍ഗസംഗമത്തിന്റെ തുടര്‍ച്ചയായിരുന്നു വെള്ളിയാഴ്ചത്തെ പരിപാടി. കെ.പി.രാമനുണ്ണി, എം.മുകുന്ദന്‍, സാറാ ജോസഫ്, സി.വി.ബാലകൃഷ്ണന്‍, അശോകന്‍ ചരുവില്‍, ടി.ഡി.രാമകൃഷ്ണന്‍ എന്നിവര്‍ 'ആഖ്യാനവും ആഖ്യാതവും' വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
പ്രമേയത്തിന്റെ അനുഭവം ഉള്ളില്‍ വിങ്ങുമ്പോള്‍ സ്വാഭാവികമായി പുറത്തുവരുന്നതാണ് ഭാഷ എന്ന് സാറാ ജോസഫ് അഭിപ്രായപ്പെട്ടു. ഭാഷ ഒരിക്കലും മരിക്കുന്നില്ല; ജീവിതമാണ് മരിക്കുന്നത്. എഴുതുമ്പോള്‍ പാവാടയിട്ട് നൃത്തംചെയ്യുന്ന പെണ്‍കുട്ടിയെപ്പോലെ ചെറുപ്പമാകുന്ന അനുഭവമാണ് ഉണ്ടാകാറുള്ളതെന്നും അവര്‍ പറഞ്ഞു.
പഠനവിഷയമെന്ന നിലയില്‍ മലയാളത്തില്‍ ആഖ്യാനം ഇനിയും വികസിച്ചിട്ടില്ലെന്ന് എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടു. എഴുതിത്തുടങ്ങുമ്പോള്‍ എഴുത്തുകാരന്റെ സിദ്ധാന്തങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ആഖ്യാനകല നഷ്ടപ്പെട്ടിട്ടില്ലെന്നും എഴുത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാഷ ഉപയോഗിച്ച് എല്ലാം ചെയ്യണമെന്ന പരിമിതിയാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ പ്രശ്‌നമെന്ന് അശോകന്‍ ചരുവില്‍ അഭിപ്രായപ്പെട്ടു. സി.വി.ബാലകൃഷ്ണന്‍, അശോകന്‍ ചരുവില്‍ എന്നിവരും തങ്ങളുടെ എഴുത്തിന്റെ വഴികളും ആഖ്യാന രീതികളും പങ്കുവെച്ചു.
'ആഖ്യാന പരിണാമങ്ങള്‍' തലക്കെട്ടില്‍ നടന്ന സെമിനാറില്‍ ചാത്തനാത്ത് അച്ച്യുതനുണ്ണി അധ്യക്ഷനായി. കെ.പി.ശങ്കരന്‍, ഇ.വി.രാമകൃഷ്ണന്‍, ഇ.പി.രാജഗോപാലന്‍, കെ.സി.നാരായണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.