തിരൂരങ്ങാടി: മുഹമ്മദ്‌നബി സ്വന്തമായി നയിച്ച ബദര്‍യുദ്ധത്തിലെ പോരാളികളെ അനുസ്മരിക്കുന്ന ബദര്‍ദിനാചരണം ബുധനാഴ്ച നടന്നു. മഹല്ലുകള്‍ കേന്ദ്രീകരിച്ച് പള്ളികളിലും മുസ്ലിംഭവനങ്ങളിലും പ്രാര്‍ഥനകളും പ്രകീര്‍ത്തനങ്ങളും നടന്നു.
 
ബദര്‍ദിനത്തില്‍ പത്തിരിയും ഇറച്ചിയും വിതരണംചെയ്യുന്ന പതിവുണ്ട്. വീടുകളില്‍ തയ്യാറാക്കുന്ന പത്തിരി വൈകീട്ടോടെ പള്ളികളിലെത്തിക്കും. എല്ലാ പത്തിരികളും ഒരുമിച്ചുവെച്ച് അതില്‍നിന്ന് വിശ്വാസികള്‍ക്ക് വിതരണംചെയ്യും.

വിശ്വാസികള്‍ നല്‍കുന്ന നേര്‍ച്ചപ്പണം സ്വീകരിക്കാന്‍ പള്ളികളില്‍ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. ബദര്‍ദിനത്തിലെ പത്തിരി വാങ്ങാനും പ്രാര്‍ഥനച്ചടങ്ങില്‍ പങ്കെടുക്കാനും ബുധനാഴ്ച പള്ളികളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ബദറിന്റെ സന്ദേശം ഉണര്‍ത്തുന്ന മതപ്രഭാഷണങ്ങളും പഠനക്ലാസുകളും പലയിടങ്ങളിലും നടന്നു.