തിരൂര്‍: അഞ്ചുവര്‍ഷം മലപ്പുറത്തിന്റെ മണ്ണ് നല്‍കിയ സ്‌നേഹമുണ്ട് കെ. ജയകുമാര്‍ മലയാളസര്‍വകലാശാലയോട് യാത്രപറഞ്ഞു. വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരുംചേര്‍ന്ന് അദ്ദേഹത്തിന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

'സര്‍ഗ്ഗപ്രതിഭയ്ക്ക് മാത്രം നടത്താന്‍ കഴിയുന്ന മനുഷ്യപ്പറ്റുള്ള യജ്ഞമായിരുന്നു ജയകുമാറിന്റേതെന്ന് യാത്രയയപ്പുയോഗം ഉദ്ഘാടനംചെയ്ത സി. രാധാകൃഷ്ണന്‍ പറഞ്ഞു. മലയാളത്തിന് വഴികാണിക്കുന്ന പ്രത്യേകമായ വിദ്യാഭ്യാസപ്രവര്‍ത്തനമാണ് ഈ സര്‍വകലാശാല നടത്തേണ്ടതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. കലാശാല സ്ഥാപിക്കുക മാത്രമല്ല ബാലാരിഷ്ടത നീക്കി അതിനെ വളര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു -രാധാകൃഷ്ണന്‍ വ്യക്തമാക്കി.

'മികച്ച വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്നതിനായി ഈ താക്കോല്‍ അധ്യാപകരെ ഏല്‍പ്പിക്കുന്നു. മികവിന്റെ മാതൃകയായി സ്ഥാപനത്തെ മാറ്റാനുള്ള ആയുധം ഇനി നിങ്ങളുടെ കൈയിലാണ്. കേരളത്തിലെ മുഴുവന്‍ സാഹിത്യകാരന്മാരും ഞങ്ങളോടു കാണിച്ച നല്ല മനോഭാവത്തിന് നന്ദി. നിഃശബ്ദമായി പ്രവര്‍ത്തിച്ച അനാമികരായ എല്ലാവര്‍ക്കും നന്ദി...', മറുപടി പ്രസംഗത്തില്‍ ജയകുമാര്‍ പറഞ്ഞു.

സി. രാധാകൃഷ്ണന്‍ കലാശാലയുടെ ഉപഹാരം സമ്മാനിച്ചു. ഡോ. കെ.എം. ഭരതന്‍ അധ്യക്ഷനായി. ഡോ. ടി. അനിതകുമാരി, ഡോ. ഇ. രാധാകൃഷ്ണന്‍, ഡോ. ദേശമംഗലം രാമകൃഷ്ണന്‍, ജോസഫ് മാത്യു, പി. ജയരാജന്‍, പി.കെ. സുജിത്ത് എന്നിവര്‍ സംസാരിച്ചു. കെ. ജയകുമാറിന്റെ ചലച്ചിത്രഗാനങ്ങള്‍ കോര്‍ത്തിണക്കി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി. കലാശാല പ്രസിദ്ധീകരിച്ച എം.ടിയിലേക്കുള്ള വഴികള്‍ (എഡിറ്റര്‍. കെ. ജയകുമാര്‍), വീണ്ടെടുക്കാനാവാത്ത വാക്ക് (എഡിറ്റര്‍ ഡോ. അശോക് ഡിക്രൂസ്), ബാലാഡ്‌സ് ഓഫ് നോര്‍ത്ത് മലബാര്‍ (എഡിറ്റര്‍ ഡോ. കെ.എം. ഭരതന്‍) എന്നീ പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശിപ്പിച്ചു.

വിദ്യാര്‍ഥികളുമായി നടന്ന സംവാദത്തില്‍ യൂണിയന്‍ ഭാരവാഹികളായ പി.കെ. സുജിത്ത്, ശബരീഷ്, ലിജിഷ, ശ്രുതി ടി, അജിത്ത്. കെ.പി, വിനീഷ്. എ.കെ. തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന്റെ ഉപഹാരവും ചലച്ചിത്രപഠനവിഭാഗം വിദ്യാര്‍ഥി അനില്‍ നിര്‍മിച്ച ശില്പവും വൈസ് ചാന്‍സലര്‍ക്ക് സമ്മാനിച്ചു.

തുടര്‍ന്ന് അധ്യാപകരും ജീവനക്കാരും നല്‍കിയ പ്രത്യേക യാത്രയയപ്പ് യോഗത്തില്‍ ഡോ. എം.ആര്‍. രാഘവവാരിയര്‍, പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാഷാശാസ്ത്രവിഭാഗത്തിലെ ജീവനക്കാരനായ രാജേഷ് വരച്ച ജയകുമാറിന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു.