മലപ്പുറം: ഉപതിരഞ്ഞെടുപ്പില്‍ വോട്ടിട്ടശേഷം വിഷു ആഘോഷിക്കാന്‍ മലപ്പുറത്തെ പ്രവാസി വോട്ടര്‍മാര്‍ വന്നുതുടങ്ങി. ഗള്‍ഫിലുള്ളവരാണ് നാട്ടിലെ തിരഞ്ഞെടുപ്പുചൂടില്‍ വാശിവിതറാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.

വിഷുവിന് അവധി കിട്ടിയവരെ 12നുമുമ്പ് നാട്ടിലെത്തിക്കാനാണ് ഇടതുപ്രവാസിസംഘടനയായ കേരള പ്രവാസിസംഘം തീരുമാനിച്ചിരിക്കുന്നത്. മുന്‍പുണ്ടായിരുന്നതുപോലെ ചാര്‍ട്ടേഡ് വിമാനത്തിലുള്ള വരവൊന്നും ഇത്തവണയില്ല. വിവിധ വിമാനങ്ങളില്‍ 12 വരെ വോട്ടര്‍മാരെത്തും. നൂറോളം കെ.എം.സി.സി. പ്രവര്‍ത്തകര്‍ വോട്ടുചെയ്യാന്‍ എത്തുമെന്ന് സൗദി കെ.എം.സി.സി. ഭാരവാഹി നസീം കാടപ്പടി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിന് മലപ്പുറത്തേക്കാള്‍ ചൂടാണ് അങ്ങ് ഗള്‍ഫില്‍. സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍ തിളങ്ങുന്നത് പ്രവാസികളാണ്. ഉയര്‍ന്ന വിമാനനിരക്കും കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളുടെ ലഭ്യതക്കുറവിലും പ്രവാസി വോട്ടര്‍മാര്‍ തളര്‍ന്നമട്ടില്ല. അവധി മുന്‍കൂട്ടി എടുത്ത് തിരഞ്ഞെടുപ്പില്‍ സജീവ സാന്നിധ്യമായി മലപ്പുറത്ത് അവരുമുണ്ട്.

വരവെല്ലാം പദ്ധതിയുമായി

പ്രവാസികള്‍ എത്തുന്നത് വെറുതെയങ്ങ് വോട്ടിട്ട് പോകാനല്ല. കൃത്യമായ പദ്ധതികളുമായാണ് വരവ്. പ്രചാരണത്തിനായി സൗദി കെ.എം.സി.സി. ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ട്. ഇത് സാമൂഹ്യമാധ്യമങ്ങളിലും പ്രാചാരണവണ്ടികളും ബുധനാഴ്ച മുതല്‍ പ്രദര്‍ശിപ്പിക്കും. കെ.എം.സി.സി. കുടുംബസംഗമങ്ങളുടെ ഉദ്ഘാടനം വേങ്ങരയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ശനിയാഴ്ച കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിയവര്‍ മലപ്പുറത്ത് യോഗവും ചേര്‍ന്നു. സ്ഥാനാര്‍ഥിക്കൊപ്പം പ്രചാരണത്തിന് ഇവരുമുണ്ടാകും.

യോഗത്തില്‍നിന്ന് യോഗത്തിലേക്ക്

ഗള്‍ഫില്‍ വിവിധ ഇടതുസംഘടനകളുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്നുകഴിഞ്ഞു. ഭാരവാഹികള്‍ ദുബായിലുള്ള മീന്‍മാര്‍ക്കറ്റ്, തൊഴിലാളി ക്യാമ്പുകള്‍ എന്നിവിടങ്ങളിലെല്ലാം സന്ദര്‍ശിച്ച് നാട്ടിലേക്കു പോകുന്നവരോട് വോട്ടഭ്യര്‍ഥിച്ചു.
 
സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്കു ബജറ്റില്‍ നല്‍കിയ ആനുകൂല്യങ്ങളാണ് പ്രധാന പ്രചാരണവിഷയം. കേരള പ്രവാസി സംഘത്തിന്റെ കുടുംബസംഗമവും യോഗങ്ങളും ഏഴു നിയമസഭാ മണ്ഡലങ്ങളിലായി നടന്നുകഴിഞ്ഞെന്ന് ജില്ലാ ട്രഷറര്‍ ടി.പി. ദിലീപ് പറഞ്ഞു.

1006 പ്രവാസി വോട്ടര്‍മാര്‍ 

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവരപ്രകാരം 1006 വോട്ടര്‍മാരാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലുള്ളത്. നിയമസഭ, തദ്ദേശതിരഞ്ഞെടുപ്പില്‍ വന്നതുപോലെയുള്ള വോട്ടര്‍മാരുടെ അമിതമായ ഒഴുക്കൊന്നും ഇത്തവണയുണ്ടാകാന്‍ സാധ്യതയില്ല. കുട്ടികളുടെ പരീക്ഷയും പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലുമാണത്. എങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ പോര്‍വിളികളുമായി അങ്കത്തട്ടില്‍ പ്രവാസികള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.