യാത്രയായത് നഗരത്തിന്റെ ആതിഥേയന്‍

Posted on: 23 Dec 2012കോഴിക്കോട്:എഴുത്തിലേക്കും വായനയിലേക്കുമെത്താനുള്ള നഗരത്തിന്റെ പാലമായിരുന്നു കഴിഞ്ഞദിവസം യാത്രപറഞ്ഞുപോയ പി.എം. ശ്രീധരന്‍. കഥകളുടെ കെട്ടഴിയുന്ന അപൂര്‍വമായ സൗഹൃദക്കൂട്ടായ്മകളുടെ ആതിഥേയനായിരുന്നു അദ്ദേഹം. എസ്.കെ. പൊറ്റെക്കാട്ട്, വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി., തിക്കോടിയന്‍, വി.കെ.എന്‍., ഉറൂബ്, എന്‍.പി. മുഹമ്മദ്, കെ.എ. കൊടുങ്ങല്ലൂര്‍ തുടങ്ങി ആ സൗഹൃദ സദസ്സിലെ അംഗങ്ങളെല്ലാം മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരായിരുന്നു. 22-ാം വയസ്സില്‍ നവകേരളയില്‍ ജീവനക്കാരായ കാലത്താണ് ശ്രീധരന്‍ എഴുത്തുകാരുടെ പ്രിയമിത്രമാവുന്നത്. എന്‍.ബി.എസിലേക്ക് മാറി കുറച്ചുകാലം കൊണ്ടുതന്നെ ആ പുസ്തകശാലയുടെ പേരുതന്നെയായി ശ്രീധരന്റെ ഇനീഷ്യലും.

കോര്‍ട്ട് റോഡിലെ നവകേരള കോ-ഓപ്പറേറ്റീവ് പബ്ലിഷിങ് ഹൗസ് ആയിരുന്നു സാഹിത്യകാരന്‍മാരുടെ കോഴിക്കോട്ടെ ആദ്യ താവളം. സാഹിത്യചര്‍ച്ചകളും സൊറപറച്ചിലുമായാണ് നവകേരളയില്‍ ഓരോപകലും പാതിരയിലെത്തിയത്. രണ്ടുവര്‍ഷത്തിനുശേഷം ശ്രീധരന്‍ എന്‍.ബി.എസിലെത്തിയപ്പോള്‍ നവകേരളയിലെ താവളവും അങ്ങോട്ടു കൂടുമാറി. സുഹൃത്തുക്കള്‍ക്ക് തമ്പടിക്കാനായിരുന്നു എന്‍.ബി.എസ്സില്‍നിന്ന് പിരിഞ്ഞശേഷം ബുക്ക്‌പോയന്റ് എന്ന സ്ഥാപനം തുടങ്ങിയതും.

തിക്കോടിയനും പൊറ്റെക്കാട്ടുമായിരുന്നു ഈ കൂട്ടായ്മയിലെ നായകസ്ഥാനം പങ്കിട്ടതെന്ന് ശ്രീധരന്‍ പറയാറുണ്ടായിരുന്നു. ഇരുവരും നല്ല നര്‍മബോധമുള്ളവരായതിനാല്‍ വെടിവട്ടങ്ങള്‍ക്ക് പൊട്ടിച്ചിരിയുടെ മേമ്പൊടിയുണ്ടാവും. എന്‍.പി. മുഹമ്മദും ഉറൂബുമായിരുന്നു സ്ഥിരം വഴക്കാളികള്‍. എന്തെങ്കിലും പറഞ്ഞ് ഇവര്‍ തമ്മില്‍ തെറ്റും. പുറമേക്ക് പോരടിക്കുമെങ്കിലും ഇരുവരും തമ്മില്‍ ആത്മാര്‍ത്ഥമായ അടുപ്പമുണ്ടായിരുന്നുവെന്നും ശ്രീധരന്‍ സൗഹൃദഭാഷണങ്ങളില്‍ ഓര്‍ത്തെടുത്തു.

കോഴിക്കോടിന് പുറത്തുനിന്ന് ജി. ശങ്കരക്കുറുപ്പും വി.കെ.എന്നും ഒ.എന്‍.വി.യും പി. ഭാസ്‌കരനും എം.എന്‍. വിജയനുമെല്ലാം നഗരത്തിലേക്കെത്തുമ്പോള്‍ ആദ്യം വിളിയെത്തിയത് എന്‍.ബി.എസ്സിലേക്കായിരുന്നു. അവര്‍ക്കുള്ള യാത്രാടിക്കറ്റും താമസസൗകര്യവുമൊരുക്കാനുള്ള ചുമതല ശ്രീധരനും തിക്കോടിയനുമാണ്. എസ്.കെ.യുടെ മരണംവരെ ശ്രീധരന്‍ കൂടെയുണ്ടായിരുന്നു. ബോധരഹിതനായി ഒരു മാസത്തിലേറെയായി ആസ്​പത്രിയിലായ എസ്.കെ.ക്ക് ശ്രീധരനായിരുന്നു കൂട്ട്.

സി.എച്ച്. മുഹമ്മദ്‌കോയ, കെ.പി. ഉണ്ണികൃഷ്ണന്‍, സി.എച്ച്. ഹരിദാസ് തുടങ്ങി വായനാശീലമുള്ള രാഷ്ട്രീയ നേതാക്കളും പുസ്തകങ്ങള്‍ക്കായി ശ്രീധരനെത്തേടിയെത്തി. സൗഹൃദങ്ങള്‍ ജീവിതത്തിലെ വലിയ സമ്പാദ്യമായി കണ്ട ശ്രീധരന്‍ ഈ ആത്മബന്ധങ്ങളെക്കുറിച്ച് എഴുതാന്‍ തയ്യാറെടുത്തിരുന്നു. കോഴിക്കോടിന്റെ പ്രസാധനമേഖലയുടെ ചരിത്രം തയ്യാറാക്കണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ ഗൃഹാതുരസ്മൃതികള്‍ കുറിച്ചുവെക്കാതെയാണ് ശ്രീധരന്‍ യാത്രയാവുന്നത്.

പോയകാലത്തിന്റെ സൗഹൃദങ്ങള്‍ നഷ്ടമായെന്ന ദുഃഖമായിരുന്നു അദ്ദേഹത്തിന് അവസാനമുണ്ടായിരുന്നത്. തിരിച്ചുകിട്ടാത്ത ആ നല്ലകാലത്തെക്കുറിച്ച് വേവലാതിപ്പെട്ട്എഴുത്തിന്റെയും എഴുത്തുകാരുടെയും കൂട്ടുകാരന്‍ എന്നേക്കുമായി വേര്‍പിരിയുമ്പോള്‍ അധികം പിന്നിലല്ലാത്ത ഒരു കാലത്തെ കോര്‍ത്തുപിടിച്ച കണ്ണിയാണ് അറ്റുപോവുന്നത്. എഴുത്തുകൊണ്ട് ഉള്ളുലഞ്ഞ ഒരു കാലത്തിന്റെ ആധികള്‍ മുഴുവന്‍ കണ്ട ഒരാള്‍. അന്നത്തെ കഥകള്‍ മുഴുവന്‍ വാതോരാതെ പറയാന്‍ ഇനി നഗരത്തിന് ആരുമില്ലാതായി.

More News from Kozhikode