കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ 125-ാം വാര്‍ഷികാഘോഷം

Posted on: 23 Dec 2012കോഴിക്കോട്: റെയില്‍വേസ്റ്റേഷന്റെ 125-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ സമയം കോഴിക്കോട് റെയില്‍ വികസനത്തിന്റെ വര്‍ഷമാക്കിമാറ്റണമെന്ന് എം.പി.യും കോഴിക്കോട് മേയറും ആവശ്യപ്പെട്ടു.

കോഴിക്കോട് റെയില്‍വേ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 125-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട് കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് നഗരസഭാസംഘത്തിന് എം.കെ. രാഘവന്‍ എം.പി. നേതൃത്വം നല്‍കണമെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ മേയര്‍ എ.കെ. പ്രേമജം പറഞ്ഞു. കോഴിക്കോട്ടെ ഏഴ് പദ്ധതികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ റെയില്‍ വികസനം വേഗത്തിലാക്കുന്നതിന് മുഖ്യമന്ത്രി രൂപവത്കരിച്ച മുഹമ്മദ് ഹനീഷ് കണ്‍വീനറായ കമ്മിറ്റി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. പുതിയ തീവണ്ടികള്‍ നേടിയെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മുന്‍ റെയില്‍വേ കണ്‍ട്രോളര്‍ എന്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. അഡീഷണല്‍ റെയില്‍വേ ഡിവിഷന്‍ മാനേജര്‍ മോഹന്‍ മേനോന്‍ കായികമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ സംസാരിച്ചു. റെയില്‍വേ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ പി. അബ്ദുള്‍അസീസ് സ്വാഗതവും സെക്രട്ടറി കെ.എസ്. രാജേഷ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് പഴയ ഗാനങ്ങളുടെ സംഗീതവിരുന്നും നടന്നു. മനോജ്കുമാര്‍, മേഘ്‌നരാജ്, കോഴിക്കോട് യേശുദാസ്, അജിത്ത്കുമാര്‍, കവിത, ജയദേവന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

More News from Kozhikode