സ്ത്രീകള്‍ക്ക് നേരേയുള്ള ആക്രമണം: നടപടി വേണമെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍

Posted on: 23 Dec 2012കോഴിക്കോട്: സ്ത്രീകള്‍ക്ക് നേരേ രാജ്യത്തും സംസ്ഥാനത്തും അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പീഡന സംഭവങ്ങളില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഉത്കണ്ഠ പ്രകടിപ്പിച്ചു.

ആക്രമകാരികളെ ശക്തിയുക്തം നേരിടാനും ശിക്ഷിക്കാനും നടപടി വേണമെന്നു യോഗം കേന്ദ്ര ആഭ്യന്തരമന്ത്രിയോടും സംസ്ഥാന ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് എം.ടി. പത്മ, കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍പേഴ്‌സണ്‍ ജാനമ്മകുഞ്ഞുണ്ണി എന്നിവരാണ് വിഷയം അടിയന്തര പ്രമേയമായി സഭയില്‍ അവതരിപ്പിച്ചത്.

ശക്തമായ നിയമനടപടി ഉണ്ടായാല്‍ മാത്രമേ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയാനാകൂ എന്നു എം.ടി. പത്മ പറഞ്ഞു.

കോഴിക്കോട്ട് പോലും സ്ത്രീകള്‍ക്ക് നേരേയുള്ള പീഡനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറ്റക്കാരെ തൂക്കികൊല്ലാന്‍ നടപട വേണമെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളെ ഉപഭോഗവസ്തുവായി മാത്രം കാണുന്ന പ്രവണത കാരണം ബന്ധങ്ങള്‍പോലും ഈകാര്യത്തില്‍ വഴിമാറുകയാണെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ഉഷാദേവി പറഞ്ഞു. സ്ത്രീകളെ ആക്രമിക്കുന്നവരെ ശിക്ഷിക്കാന്‍ കടുത്ത നടപടി വേണമെന്ന് പറഞ്ഞ നഫീസ സെയ്ദ് ഇത്തരം കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയെയും വിമര്‍ശിച്ചു. ചേമ്പില്‍ വിവേകാനന്ദന്‍, കെ.സി. ശോഭിത, കെ. ശ്രീകുമാര്‍, മീരദര്‍ശക്, കെ. ബാലഗോപാല്‍, എം. രാധാകൃഷ്ണന്‍, കെ. ആമിന, ലിംന സുരേഷ് എന്നിവരും സ്ത്രീകള്‍ക്കുനേരേയുള്ള അക്രമം തടയാന്‍ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

കോര്‍പ്പറേഷന്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം സംസ്ഥാനസര്‍ക്കാറിന് അയച്ചുകൊടുക്കാന്‍ തീരുമാനിച്ചു. പഴയ കണക്കുപ്രകാരം 27 കോടി രൂപയോളം കിട്ടാനുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുല്‍ലത്തീഫ് അറിയിച്ചു. ഇതിനായി സര്‍വകക്ഷി പ്രതിനിധികള്‍ തിരുവനന്തപുരത്തേക്കു പോകണമെന്ന് മേയര്‍ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ പ്രമേയം അയച്ചുകൊടുക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.

വാഹനങ്ങളില്‍നിന്ന് കറുത്ത പുക ഉയരുന്നത് പരിസരമലിനീകരണം ഉണ്ടാക്കുന്നതായി ടി.പി. കോയമൊയ്തീനും മായനാട് ആര്‍.സി.എച്ചില്‍ ഡോക്ടര്‍മാരില്ലെന്ന് പി. ആമിനയും നഗരത്തിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് വി. സുധീറും ആവശ്യപ്പെട്ടു. ഡെങ്കിപ്പനി, മന്ത് തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെന്നും വെള്ളിമാടുകുന്നില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണമെന്നും കെ. ബാലഗോപാല്‍ ആവശ്യപ്പെട്ടു. കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ ലോറിയില്‍ വെള്ളമെത്തിക്കണമെന്ന് ശ്രീജയും കോട്ടൂളിയില്‍ കളിസ്ഥലം നിര്‍മിക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണമെന്ന് കെ. രവീന്ദ്രനും ശ്രദ്ധക്ഷണിച്ചു.

പി. കിഷന്‍ചന്ദ്, എന്‍.സി. മോയിന്‍കുട്ടി, പൂളക്കല്‍ ശ്രീകുമാര്‍, സത്യഭാമ, വി.കെ. മോഹന്‍ദാസ്, മഞ്ജു ചന്ദ്രന്‍, ബ്രസീലിയ ഷംസുദ്ദീന്‍, കൃഷ്ണദാസ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

More News from Kozhikode