റെയില്‍വേ സ്റ്റേഷനുകള്‍ പ്രധാനകേന്ദ്രങ്ങള്‍ ഫറോഖ്, കടലുണ്ടി മേഖല ലഹരിവസ്തുക്കളുടെ താവളം

Posted on: 23 Dec 2012ഫറോക്ക്: ഫറോക്ക്, കടലുണ്ടി മേഖലകള്‍ കേന്ദ്രീകരിച്ച് അനധികൃതമദ്യം, മയക്കുമരുന്ന് വില്പന വീണ്ടും സക്രിയമാകുന്നു. ഇടക്കാലത്ത് പോലീസ്, എകൈ്‌സസ് പരിശോധനകളെത്തുടര്‍ന്ന് കുറഞ്ഞ വില്പനയാണ് വീണ്ടും ഉഷാറായത്. ഫറോക്ക് റയില്‍വേസ്റ്റേഷന്‍, ടൗണ്‍ പരിസരങ്ങള്‍, കരുവന്‍തിരുത്തി, ചാലിയം, വട്ടപറമ്പ്, മണ്ണൂര്‍റെയില്‍, കടലുണ്ടിക്കടവ് പാലം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്പനയും ഉപയോഗവും തകൃതിയാകുന്നത്. ചില്ലറ വില്പന മുതല്‍ ആവശ്യക്കാര്‍ക്ക് വന്‍തോതില്‍ ലഹരിവസ്തുക്കള്‍ എത്തിക്കുന്നതിനുള്ള സംഘങ്ങളാണ് ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥിരം ഉപയോഗക്കാര്‍ക്ക് പുറമേ പ്രദേശങ്ങളിലെ യുവാക്കളും വിദ്യാര്‍ഥികളും വരെ ഇവയ്ക്കടിമപ്പെടുന്നതായി പൊതുപ്രവര്‍ത്തകര്‍ പറഞ്ഞു.

അധികൃതരുടെ പരിശോധനകള്‍ കുറഞ്ഞതാണ് വീണ്ടും വില്പന വര്‍ധിക്കാനിടയാക്കിയിരിക്കുന്നത്. റയില്‍വേ സ്റ്റേഷനുകളാണ് ലഹരിവസ്തുക്കള്‍ എത്തുന്ന പ്രധാന കേന്ദ്രങ്ങള്‍. ഫറോക്ക്, കടലുണ്ടി റെയില്‍വേസ്റ്റേഷനുകള്‍ വഴി യഥേഷ്ടം ലഹരിവസ്തുക്കള്‍ എത്തുന്നുണ്ട്. ഇവിടെനിന്നാണ് ചില്ലറക്കാര്‍ക്കും മേഖലയിലെ പ്രധാന വില്പനക്കാര്‍ക്കും ആവശ്യമുള്ള സാധനങ്ങള്‍ ലഭിക്കുന്നത്.

വട്ടപ്പറമ്പ്, മണ്ണൂര്‍ റയില്‍ ഭാഗങ്ങളിലാണ് അനധികൃത മദ്യവില്പന നടക്കുന്നത്. കോഴിക്കോട് ടൗണിലും ശാന്തിനഗര്‍ കോളനിയിലും അധികൃതരുടെ ഇടപെടലിലൂടെ ലഹരിവില്പനക്കെതിരെ അധികൃതര്‍ കര്‍ശന നിലപാടെടുത്തതോടെയാണ് പുതിയ താവളം ഇവര്‍ തേടിയത്. ഫറോക്ക്, കടലുണ്ടി റയില്‍വേ സ്റ്റേഷനുകളില്‍ സ്റ്റോപ്പുള്ള ട്രെയ്‌നുകളിലാണ് മദ്യവും ലഹരി വസ്തുക്കളും കൂടുതലായി എത്തുന്നത്. കഞ്ചാവാണ് ഇക്കൂട്ടത്തില്‍ ധാരാളമായി എത്തുന്നത്.

More News from Kozhikode