വീട്ടില്‍ കയറി അതിക്രമം എസ്.ഐ. ഉള്‍പ്പെടെ മൂന്ന് പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

Posted on: 23 Dec 2012കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെ കള്ളക്കേസില്‍ കുടുക്കി വീട്ടില്‍ക്കയറി കുടുംബാംങ്ങളോട് അതിക്രമം കാണിച്ച സംഭവത്തില്‍ എസ്.ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. നടക്കാവ് പോലീസ്‌സ്റ്റേഷനിലെ മുന്‍ എസ്.ഐ കെ.കെ.ബിജു, എ.എസ്.ഐമാരായ എം.എ. കബീര്‍, പി.ബാബുരാജന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ അനുമതിനല്‍കിയത്.

യൂത്ത്‌കോണ്‍ഗ്രസ്സ് മുന്‍സംസ്ഥാനസെക്രട്ടറിയായ ബിലാത്തികുളം കാരാട്ട് വീട്ടില്‍ സാജിര്‍ അറാഫത്തിന്റെ വീട്ടില്‍ അതിക്രമം കാണിച്ചതിനാണ് നടപടി. 2010 ഫിബ്രവരി 17നാണ് മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് കാര്‍ ഓടിച്ചുവെന്ന കേസ് സാജിറിനെതിരെ നടക്കാവ് പോലീസ് ചുമത്തിയത്. കാര്‍ കസ്റ്റഡിയില്‍ എടുക്കുന്നതിന് ഹര്‍ത്താല്‍ദിനമായ 2010 മാര്‍ച്ച് രണ്ടിന് എസ്.ഐ. ബിജുവിന്റെ നേതൃത്വത്തില്‍ വന്‍പോലീസ്‌സംഘം സാജിറിന്റെ വീട്ടിലെത്തിയപ്പോഴാണ് അതിക്രമം നടന്നത്.

സാജിറിന്റെ അസാന്നിധ്യത്തില്‍ കാര്‍ കസ്റ്റഡിയില്‍ എടുക്കുന്നത് തടയാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ സഹോദരനെ മര്‍ദിക്കുകയും മാതാവും ഭാര്യയും ഉള്‍പ്പെടെയുള്ളവരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത പോലീസ് കാര്‍ ക്രെയിന്‍ ഉപയോഗിച്ച് കൊണ്ടുപോയി. ഈ കാറിന് പിന്നീട് സ്റ്റേഷനില്‍വെച്ച് കേടുപാട് സംഭവിക്കുകയും ചെയ്തു. ഇതേക്കുറിച്ചെല്ലാം നേരത്തേ എന്‍.ആര്‍.ഐ സെല്‍ സൂപ്രണ്ട് ക്രിസ്റ്റഫര്‍ ചാള്‍സ്‌രാജ് അന്വേഷണം നടത്തി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുര്‍ടന്ന് ഡി.ജി.പി സര്‍ക്കാറിനോട് നടപടിക്ക് ശുപാര്‍ശചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശുപാര്‍ശചെയ്തത്. സംഭവസമയത്ത് നടക്കാവ് പ്രിന്‍സിപ്പല്‍ എസ്.ഐയായിരുന്ന കെ.കെ. ബിജു ഇപ്പോള്‍ നല്ലളം സി.ഐയാണ്. ബാബുരാജന്‍ ടൗണ്‍ സ്റ്റേഷനിലെയും കബീര്‍ കൊല്ലം എസ്.എസ്.ബിയിലും എസ്.ഐമാരാണ്.

More News from Kozhikode