വീടൊരുക്കാം; വിപണനമേളയ്ക്ക് തുടക്കമായി

Posted on: 23 Dec 2012കോഴിക്കോട്: വീട്ടിലേക്കുവേണ്ടതെല്ലാം ഒരിടത്തൊരുക്കി ചെറുകിട വ്യവസായ ഉത്പന്ന പ്രദര്‍ശനമേളയ്ക്ക് തുടക്കമായി. ജില്ലാ വ്യവസായ കേന്ദ്രമാണ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മേളയുടെ സംഘാടകര്‍.

സോളാര്‍ പാനല്‍ മുതല്‍ കാന്താരിമുളക്അച്ചാര്‍ വരെ പരിചയപ്പെടുത്തുന്ന മേള കാര്‍ഷിക-ഭക്ഷ്യാധിഷ്ഠിത മേഖലയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. വീടുനിര്‍മാണത്തിനുള്ള ലോക്കിങ് ഇഷ്ടിക, മാലിന്യസംസ്‌കരണത്തിനുള്ള ബയോഗ്യാസ് പ്ലാന്റ്, സൗരോര്‍ജം പ്രയോജനപ്പെടുത്താനുള്ള സോളാര്‍ പാനല്‍ എന്നിവയെല്ലാം മേള പരിചയപ്പെടുത്തുന്നു.

കയര്‍ ഉത്പന്നങ്ങളും തടികൊണ്ടുള്ള വിളക്കുകളും അലങ്കാരവസ്തുക്കളും കാപ്പിപ്പൊടിയും പത്രക്കടലാസും മറ്റും കൊണ്ട് നിര്‍മിച്ച ചിത്രങ്ങളും മേളയിലുണ്ട്. രുചിയുടെ വൈവിധ്യം തീര്‍ക്കുന്ന അച്ചാറുകള്‍ക്കും പാളകൊണ്ട് പൊതിഞ്ഞ രാമച്ചസോപ്പുകള്‍ക്കും നാളികേര സുര്‍ക്കയ്ക്കുമെല്ലാം ആവശ്യക്കാരേറെ. പഴമയുടെ പ്രൗഢി വീട്ടില്‍ നിറയ്ക്കാന്‍ ഒട്ടേറെ ഉത്പന്നങ്ങള്‍ മേളയില്‍ എത്തിച്ചിട്ടുണ്ട്. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് വിവിധ മത്സ്യോത്പന്നങ്ങളാണ് പരിചയപ്പെടുത്തുന്നത്.

കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബള്‍ബുകളും എല്‍.ഇ.ഡി.റാന്തലുമായി കോഴിക്കോട് എം.എം.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മേളയില്‍ പങ്കെടുക്കുന്നു. 26 വരെയാണ് മേള. രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശനം.

മേയര്‍ എ.കെ.പ്രേമജം മേള ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ എം.വി.യോഹന്നാന്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ കെ.പി.രാജന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എം.പി.അബ്ദുള്‍ റഷീദ്, ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ് എന്‍.എ.റസാഖ്, നഗരസഭാ വ്യവസായ വികസന ഓഫീസര്‍ കെ.ടി.ആനന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

More News from Kozhikode