ഫഹദ് കോട്ടയ്ക്കലിന്റെ സ്വന്തം ബോള്‍ട്ട്

Posted on: 23 Dec 2012കോഴിക്കോട്: കണ്ണടച്ചുതുറക്കും മുമ്പാണ് ദേവഗിരികോളജ് മൈതാനത്തെ ട്രാക്കില്‍ ഫഹദ് നൂറുമീറ്റര്‍ ഓടിയെത്തിയത്. കോട്ടയ്ക്കല്‍ എ.ഡബ്ല്യു.എച്ച് സ്‌പെഷല്‍സ്‌കൂളിലെ മാനസിക വെല്ലുവിളി നേരിടുന്ന ഈ പത്താംക്ലാസുകാരന്‍ അങ്ങനെ രണ്ടാമത് സംസ്ഥാന പാരാലിമ്പിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഉസൈന്‍ ബോള്‍ട്ടായി മാറി.

സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 10.20 സെക്കന്റുകൊണ്ടാണ് ഫഹദ് നൂറുമീറ്റര്‍ ഓടിയെത്തിയത്. വേഗത്തിന്റെ രാജകുമാരനായ ബോള്‍ട്ടിനെ ആരാധിക്കുന്ന ഫഹദ് തന്റെ വീരപുരുഷന്റെ റെക്കോഡ് സമയത്തിനടുത്തെത്തിയതോടെ കോട്ടക്കലില്‍നിന്നെത്തിയ കൂട്ടുകാരും അധ്യാപകരുമെല്ലാം ആരവങ്ങളുമായി ചുറ്റുംകൂടുകയും ചെയ്തു. സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റായ എം.കെ.സിദ്ദീഖ് മത്സരം നടക്കുമ്പോള്‍തന്നെ ട്രാക്കിനുപുറത്തുകൂടി ആര്‍പ്പുവിളിച്ച് പിന്നാലെ ഓടുന്നുണ്ടായിരുന്നു. മറ്റുള്ളവരെ ഏറെ പിന്നിലാക്കി ഫഹദ് ഓടിയെത്തിയപ്പോള്‍ സിദ്ദിഖിന്റെ ആവേശം ഇരട്ടിയായി. നേരത്തേ പത്തുസെക്കന്റുകൊണ്ട് ഫഹദ് നൂറുമീറ്റര്‍ ഓടിയെത്തിയിട്ടുണ്ടെന്നാണ് സിദ്ദിഖ് പറയുന്നത്.

മലപ്പുറം വള്ളുവമ്പ്രം മുട്ടേങ്ങാടത്ത് കുഞ്ഞുമുഹമ്മദിന്റെയും കുഞ്ഞാത്തയുടെയും മകനാണ് ഈ 23-കാരന്‍. പഠനവൈകല്യമാണ് പ്രധാനമായും ഫഹദിന്റെ പ്രശ്‌നം. പരിമിതികളെല്ലാം പക്ഷേ, ട്രാക്കിലെത്തുമ്പോള്‍ അവന്‍ മാറ്റിവെക്കും. മുന്നില്‍ ഫിനിഷിങ്‌പോയന്റുമാത്രം. പത്തുസെക്കന്റ് എന്ന മാന്ത്രിക സമയം. പിന്നെ ഒരു കുതിപ്പ്. രണ്ടുവര്‍ഷമായി പാരാലിമ്പിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ വേഗമേറിയ താരമാണ് ഈ യുവാവ്. മികച്ച പരിശീലനം നല്‍കാനായാല്‍ ഫഹദിനെ നല്ല ഒരു അത്‌ലറ്റായി വാര്‍ത്തെടുക്കാമെന്ന പ്രതീക്ഷയാണ് അധ്യാപകര്‍ക്കുള്ളത്.

More News from Kozhikode