രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഇ-സ്റ്റാമ്പിങ് സംവിധാനം നടപ്പാക്കും -മന്ത്രി അനൂപ് ജേക്കബ്

Posted on: 23 Dec 2012കൂരാച്ചുണ്ട്: വ്യാജ മുദ്രപ്പത്ര തട്ടിപ്പുകള്‍ തടയാന്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ ആധാരമെഴുത്തുകാരെ ബാധിക്കാത്ത വിധത്തില്‍ ഇ-സ്റ്റാമ്പിങ് സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കൂരാച്ചുണ്ട് സബ്-രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധാരം ഒഴിച്ചുള്ള എല്ലാ സേവനങ്ങളും ഒറ്റ കൗണ്ടര്‍വഴി ലഭ്യമാക്കുന്നതിന് രജിസ്‌ട്രേഷന്‍ വകുപ്പ് ഏകജാലക സംവിധാനം നടപ്പാക്കും. എറണാകുളം ജില്ലയിലായിരിക്കും ഇത് ആദ്യം ഏര്‍പ്പെടുത്തുക. സിവില്‍ സപ്ലൈസ് വകുപ്പ് പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കും.

റേഷന്‍ സാധനങ്ങളുമായി പോകുന്ന വാഹനങ്ങള്‍ ജി.പി.ആര്‍.എസ്. സിസ്റ്റം വഴി നിയന്ത്രിക്കും. ഭക്ഷ്യവസ്തുക്കളും മണ്ണെണ്ണയും കരിഞ്ചന്തയില്‍ പോകുന്നത് തടയാനാണിത്. സാധനങ്ങള്‍ ഉപഭോക്താവിന് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും കമ്പ്യൂട്ടര്‍വത്കരിക്കും. ഗോഡൗണുകളുടെ കുറവ് സംസ്ഥാനത്തിന് അനുവദിച്ച റേഷന്‍ സാധനങ്ങള്‍ സംഭരിക്കുന്നതിന് തടസ്സമാകുന്നുണ്ട് -അനൂപ് ജേക്കബ് പറഞ്ഞു.

ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞമ്മദ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്മാരായ അഗസ്റ്റിന്‍ കാരക്കട, കെ. സുനില്‍, എ.എം. രാമചന്ദ്രന്‍, ടി.കെ. ശ്രീധരന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.കെ. തങ്കമണി, കാവില്‍ പി. മാധവന്‍, കെ.പി. ഷീബ, കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല മജീദ്, വാര്‍ഡ് അംഗം മിനി ബാബു, എം.എം. സ്‌കറിയ, ജോയി കുര്യന്‍, ഒ.കെ. അമ്മദ്, വി.ജെ. സണ്ണി, ജോസഫ് പൂവത്തിങ്കല്‍, തോമസ് പോക്കാട്ട്, വര്‍ഗീസ് നാഴൂരിമറ്റം, ഷിബു ജോര്‍ജ്, സൂപ്പി തെരുവത്ത്, എ.കെ. പ്രേമന്‍, ജോസ് ചെറുവള്ളില്‍, കെ.കെ. ഗോപാലന്‍ നായര്‍, രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ സി. രഘു, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സി. എന്‍ജിനീയര്‍ കെ.പി. ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

More News from Kozhikode