മൂടാടിയില്‍ വരുന്നു; പ്ലാസ്റ്റിക് നിര്‍മാര്‍ജനപദ്ധതി

Posted on: 23 Dec 2012കൊയിലാണ്ടി:മൂടാടി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജനപദ്ധതി നടപ്പിലാക്കുന്നു. ഇക്കഴിഞ്ഞ കേരളപ്പിറവിദിനത്തില്‍ തുടക്കംകുറിച്ച പദ്ധതി ജനകീയ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്. ജനവരി ഒന്നുമുതല്‍ പ്ലാസ്റ്റിക്ക് ക്യാരിബാഗുകളുടെ ഉപയോഗം പഞ്ചായത്തില്‍ പൂര്‍ണമായി ഒഴിവാക്കും.

പദ്ധതി വിജയിപ്പിക്കുന്നതിന് വിവിധതലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും അങ്കണവാടി -കുടുംബശ്രി പ്രവര്‍ത്തകരുടെയും യോഗങ്ങള്‍ നടന്നുകഴിഞ്ഞു. വാര്‍ഡ് തലത്തില്‍ പ്രത്യേക യോഗങ്ങളും മുചുകുന്ന്, നന്തി, മൂടാടി, പാലക്കുളം ടൗണുകളില്‍ കച്ചവടക്കാരുടെ യോഗങ്ങളും സംഘടിപ്പിച്ചു. വീടുകളില്‍ കയറിയുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കച്ചവടസ്ഥാപനങ്ങള്‍, മത്സ്യവിതരണക്കാര്‍ എന്നിവര്‍ക്ക് പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുള്ള കത്തുകള്‍ നല്‍കും. കല്ല്യാണവീടുകള്‍, മറ്റ് ആഘോഷവേദികള്‍ എന്നിവിടങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മറ്റ് അംഗങ്ങളും സന്ദര്‍ശിച്ചു പ്ലാസ്റ്റിക്മാലിന്യം ഒഴിവാക്കാന്‍ ആവശ്യപ്പെടും. ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് വീടുകളില്‍ പൈപ്പ് കമ്പോസ്റ്റ്, പിറ്റ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റുകള്‍ എന്നിവ രണ്ടുവര്‍ഷംകൊണ്ട് സ്ഥാപിക്കും.

സമ്പൂര്‍ പ്ലാസ്റ്റിക്മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് കെ. ജിവാനന്ദന്റെ നേതൃത്വത്തില്‍ ബോധവത്കരണ കാല്‍നട പ്രചാരണജാഥ നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി.കെ. ഗോപി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ.തങ്കം, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.സുമതി, കെ.വി. ഹംസ, പി.കെ. സാഹിറ, പപ്പന്‍ മൂടാടി, വി.പി. ഭാസ്‌കരന്‍, യു.വി. മാധവന്‍, എം. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

സമാപനയോഗം നന്തിയില്‍ കൊയിലാണ്ടി നഗരസഭാധ്യക്ഷ കെ. ശാന്ത ഉദ്ഘാടനം ചെയ്തു. എം നാരായണന്‍ അധ്യക്ഷതവഹിച്ചു. പി. നാരായണന്‍, കണിയാങ്കണ്ടി രാധാകൃഷ്ണന്‍, പി.പി. കരിം, രജീഷ് മാണിക്കോത്ത്, സി. ജയരാജ്, ടി.കെ പത്മനാഭന്‍, നസീര്‍ വില്ലംകണ്ടി യു.വി മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Kozhikode