പൂര്‍വവിദ്യാര്‍ഥി സംഗമം: 1965 ബാച്ചിലെ 30 പേര്‍ പങ്കെടുക്കും

Posted on: 23 Dec 2012കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ജൂബിലി സമാപനത്തിന്റെ ഭാഗമായി നടക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ 1965 ബാച്ചിലെ 30 പേര്‍ പങ്കെടുക്കും. 48 വര്‍ഷം മുമ്പ് സ്‌കൂളിലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ചില്‍ 41 പേരാണ് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇവരില്‍ നാലുപേര്‍ മരിച്ചു. മറ്റു ചിലര്‍ക്ക് അസുഖംമൂലം പങ്കെടുക്കാനാവില്ല. അധ്യാപകനായി വിരമിച്ച വി.വി. മാണിയാണ് ഈ ബാച്ചിന്റെ ചെയര്‍മാന്‍.

വളരെ അഭിമാനത്തോടെയാണ് ഈ ചുമതല ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ രേഖകളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളരെ പ്രയാസപ്പെട്ടാണെങ്കിലും ആദ്യബാച്ചിലെ മുഴുവനാളുകളെയും കണ്ടെത്താന്‍ കഴിഞ്ഞു. പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്റെ മുന്നോടിയായി ഇവര്‍ പലതവണ യോഗംചേര്‍ന്നു. കാതറിന്‍ ജോസഫാണ് ഈ ബാച്ചിന്റെ കണ്‍വീനര്‍. നഴ്‌സായി വിദേശത്ത് വളരെക്കാലം ജോലിചെയ്ത അദ്ദേഹം കൂമ്പാറയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്.

അതേ സമയം, 2012 ബാച്ചില്‍ 204 വിദ്യാര്‍ഥികളാണുള്ളത്. കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സി. കഴിഞ്ഞിറങ്ങിയ ഇവരില്‍ 108 പേര്‍ ഇവിടെത്തന്നെ പ്ലസ്‌വണ്‍ പഠനം തുടരുകയാണ്. പരമാവധി കുട്ടികളെ സംഗമത്തില്‍ പങ്കെടുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ചെയര്‍മാന്‍ അനുരാഗ് രവീന്ദ്രനും കണ്‍വീനര്‍ അലീന സണ്ണിയും.

ഇനിയൊരിക്കലും ഇങ്ങനെയൊരു ഒത്തുചേരലുണ്ടാവില്ലെന്ന തിരിച്ചറിവോടെയാണ് കുടിയേറ്റ ഗ്രാമത്തിലെ ആദ്യ വിദ്യാലയത്തിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ സ്‌കൂള്‍ മുറ്റത്ത് നാലായിരത്തോളം പേര്‍ സംഗമിക്കുന്നത്. തലമുറകളുടെ ഈ സംഗമത്തിനുള്ള തയ്യാറെടുപ്പുകള്‍ നാടിനെയാകെ ആവേശത്തിലാക്കിയിട്ടുണ്ട്.

More News from Kozhikode