നവതിയിലെത്തിയ പി. വാസുവിന് നാടിന്റെ ആദരം

Posted on: 23 Dec 2012

കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പ്രവര്‍ത്തകനുമായ പി. വാസുവിന് നവതിയുടെ നിറവില്‍ ആദരം. കോഴിക്കോടിന്റെ പൊതുസമൂഹത്തില്‍ ഏറെക്കാലമായി സജീവസാന്നിധ്യമായ വാസുവിനെ സോഷ്യലിസ്റ്റ് ജനത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്.സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ ഹാളില്‍നടന്ന ചടങ്ങ് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനംചെയ്തു. ഉപഹാരസമര്‍പ്പണവും അദ്ദേഹം നടത്തി. പാര്‍ട്ടിയില്‍ ഒരു സ്ഥാനമോ ബോര്‍ഡ്‌ചെയര്‍മാന്‍ സ്ഥാനമോ ആഗ്രഹിക്കാതെ ജനങ്ങളെമാത്രം മുമ്പില്‍ക്കണ്ട് പ്രവര്‍ത്തിച്ച ആളായിരുന്നു വാസുവെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. നിഷ്‌കാമപ്രവര്‍ത്തനംമാത്രം നടത്തിയ അദ്ദേഹം എക്കാലവും പോരാളിയായിരുന്നെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

വിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ കൈയടക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് മുമ്പേ സോഷ്യലിസ്റ്റ് നേതാക്കള്‍ നല്‍കിയതാണ്. കാലം കഴിയുന്തോറും അത് സംഭവിച്ചുകൊണ്ടിരിക്കയാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.സോഷ്യലിസ്റ്റ്ജനത ജില്ലാപ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പി.വി. ഗംഗാധരന്‍ പൊന്നാട അണിയിച്ചു. പി. കിഷന്‍ചന്ദ് മുഖ്യാതിഥിയെ പരിചയപ്പെടുത്തി. പി.കെ. ജോര്‍ജ്, വി. കുഞ്ഞാലി, അഡ്വ. എം. രാജന്‍, ഡോ. ആര്‍സു, ഇളമന ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ഇ. രവീന്ദ്രനാഥ് സ്വാഗതവും വി. അബ്ദുള്‍അലി നന്ദിയും പറഞ്ഞു.

More News from Kozhikode