കരകൗശലമികവില്‍ വിപണനമേളയ്ക്ക് തുടക്കമായി

Posted on: 23 Dec 2012

കോഴിക്കോട്: മുള കൊണ്ടുള്ള ലാപ്‌ടോപ്പ് സ്റ്റാന്‍ഡ്, കൈതോല കൊണ്ടുള്ള ഫയലുകള്‍, വാഴനാരു കൊണ്ടുള്ള ചെരിപ്പ് തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ കൊണ്ട് ശ്രദ്ധനേടുകയാണ് പിന്നാക്ക വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കണ്ടംകുളം ജൂബിലി മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന വിപണനമേള. കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള സ്വയം തൊഴില്‍ സംരംഭകര്‍ ഒരുക്കിയ ഉത്പന്നങ്ങളാണ് 54 സ്റ്റാളുകളിലായി വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. ഇതിനു പുറമേ പുതുച്ചേരി പിന്നോക്ക വികസന കോര്‍പ്പറേഷന്റെ മൂന്ന് സ്റ്റാളുകളും മേളയിലുണ്ട്. ഡിസംബര്‍ 25 വരെ രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാണ് മേള.

പുതുമയുള്ള ഉത്പന്നങ്ങളുമായാണ് ഓരോ ജില്ലയിലേയും സംരംഭകര്‍ മേളയ്‌ക്കെത്തിയിരിക്കുന്നത്. കൈതോലയും കുളവാഴയും കൊണ്ട് നിര്‍മിച്ച ബാഗുകളും ഫയലുകളുമാണ് തൃശ്ശൂരിന്റെ സ്റ്റാളിലുള്ളത്. 150 മുതല്‍ 350 രൂപ വരെയാണ് ഇവയുടെ വില. വാഴനാരു കൊണ്ടുണ്ടാക്കിയ വിവിധതരം സാധനങ്ങളാണ് മലപ്പുറം മേളയില്‍ എത്തിച്ചിരിക്കുന്നത്. മാലയും ചെരിപ്പുമെല്ലാം ഇതിലുള്‍പ്പെടും. 50 മുതല്‍ 500 രൂപ വരെയാണ് ഇവയുടെ വില. മുളയില്‍ നിര്‍മിച്ച ക്ലോക്ക്, ലാപ്‌ടോപ്പ് സ്റ്റാന്‍ഡ്, പേന തുടങ്ങിയവയാണ് വയനാട്ടില്‍ നിന്ന് മേളയിലെത്തിയിരിക്കുന്നത്. 30 മുതല്‍ 1100 രൂപ വരെ വിലയുള്ള മുള ഉത്പന്നങ്ങള്‍ ഈ സ്റ്റാളില്‍ ഉണ്ട്. 2900 രൂപ വിലയുള്ള ഹുക്കയാണ് കോഴിക്കോടിന്റെ സ്റ്റാളിലെ പ്രധാനയിനം. ഫാന്‍സിമെഴുകുതിരിയും ആറന്മുള കണ്ണാടിയുമെല്ലാം മേളയിലുണ്ട്.

മന്ത്രി എ.പി. അനില്‍ കുമാര്‍ മേള ഉദ്ഘാടനം ചെയ്തു. മോഹന്‍ ശങ്കര്‍, ബി. ദിലീപ് കുമാര്‍, എം.കെ. രാഘവന്‍ എം.പി, കാനത്തില്‍ ജമീല, എം.ടി. പത്മ, വി.ആര്‍. ജോഷി, പി. നസീര്‍, സഹായദാസ്, സത്യന്‍ വണ്ടിച്ചാലില്‍, കുട്ടപ്പന്‍ ചെട്ടിയാര്‍, മുഹമ്മദ് ഫൈസല്‍, ജി. സജിത് എന്നിവര്‍ സംസാരിച്ചു.

More News from Kozhikode