മന്ത്രിയെത്തുന്നു; താമരശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോ സന്ദര്‍ശിക്കാന്‍

Posted on: 04 Feb 2012



താമരശ്ശേരി: ആവശ്യത്തിന് ബസ്സുകള്‍ ഇല്ലാതെയും മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയും പ്രവര്‍ത്തനം മുടങ്ങി നീങ്ങുന്ന താമരശ്ശേരി കെ.എസ്.ആര്‍.ടി.സി.ഡിപ്പോ സന്ദര്‍ശിക്കാന്‍ മന്ത്രി എത്തുന്നു. ഗതാഗതമന്ത്രി വി.എസ്.ശിവകുമാര്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് ഡിപ്പോയിലെത്തും. ഡിപ്പോയുടെ നിലവിലുള്ള സ്ഥിതി നേരിട്ട് കണ്ട് മനസ്സിലാക്കുകയാണ് ലക്ഷ്യം.

മലയോര മേഖലയുടെ സിരാകേന്ദ്രമായ താമരശ്ശേരിയിലെ കെ.എസ്.ആര്‍.ടി.സി.ഡിപ്പോയുടെ പരാധീനതകള്‍ മനസ്സിലാക്കി ഇതിന്റെ വികസത്തിനുതകുന്ന പ്രഖ്യാപനങ്ങള്‍ മന്ത്രിയില്‍നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും ഡിപ്പോയിലെ ജീവനക്കാരും.

ആവശ്യത്തിന് ബസ്സുകള്‍ ഇല്ലാത്തതുമൂലം ദിവസവും ഏഴും എട്ടും ഷെഡ്യൂളുകള്‍ സര്‍വീസ് നടത്താനാകാതെ മുടങ്ങിപ്പോകുന്ന ഡിപ്പോയാണിത്. ആകെ 55 ഷെഡ്യൂള്‍ ഉള്ള ഈ ഡിപ്പോയില്‍ സര്‍വീസ് നടത്താന്‍ 64 ബസ്സുകള്‍ ആവശ്യമാണ്. പക്ഷേ 54 ബസ്സുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇതില്‍ ഭൂരിഭാഗവും പഴയതാണ്. ഏഴോളം ബസ് കാലപ്പഴക്കം ചെന്നവയാണ്. ഏഴും എട്ടും ബസ്സുകള്‍ ദിവസവും ഓടാതെ കിടപ്പുണ്ടാകും. ഇവയൊന്നും നന്നാക്കാന്‍തന്നെ കഴിയാത്തത്ര പഴക്കം ചെന്നതാണെന്ന് ഡിപ്പോയിലെ ജീവനക്കാര്‍ പറയുന്നു.

ഇവിടെനിന്നും ദീര്‍ഘദൂര സര്‍വീസിനയയ്ക്കുന്ന നാല് സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളും പഴയതായി. ഇവയ്ക്ക് പകരം നാല് പുതിയ ബസ്സുകള്‍ ലഭ്യമാക്കണമെന്നും പഴയവ ഓര്‍ഡിനറിയായി സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് കിട്ടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഒന്നരവര്‍ഷം മുമ്പ് പെര്‍മിറ്റ് വന്നുകിടക്കുന്ന പെരിന്തല്‍മണ്ണ-കൊയിലാണ്ടി ടൗണ്‍ ടു ടൗണ്‍ ചെയിന്‍ സര്‍വീസ് നടത്താനുള്ള അഞ്ച് ബസ്സുകള്‍ ഇനിയും ലഭ്യമായില്ല.

ഡിപ്പോ വിപുലീകരിക്കണമെന്നതാണ് മറ്റൊരാവശ്യം. ബസ്സുകള്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലാതെ 20 എണ്ണം സമീപത്തെ സ്വകാര്യ ബസ്സ്റ്റാന്‍ഡിലേക്ക് രാത്രി സമയം മാറ്റാറാണ് പതിവ്. ഇവിടെ ബസ്സിന്റെ കാവലിന് ജീവനക്കാരെ നിയോഗിക്കേണ്ടിയും വരുന്നു. ഡിപ്പോയുടെ ഭാഗമായ ഗാരേജ് ഇവിടെനിന്നും മാറ്റി വിപുലമായ സൗകര്യങ്ങളോടെ കെ.എസ്.ആര്‍.ടി.സി.ബസ്സ്റ്റാന്‍ഡ് പണിയണമെന്നും ഒരു നിര്‍ദേശമുണ്ട്. ഗാരേജിന് വേറെ സ്ഥലം കണ്ടെത്തിയാലേ ഇത് കഴിയുകയുള്ളൂ.

ഡിപ്പോയുടെ പ്രാധാന്യവും അതിന്റെ പരാധീനതകളും സംബന്ധിച്ച് വി.എം.ഉമ്മര്‍ എം.എല്‍.എ.നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി താന്‍ ഡിപ്പോയില്‍ വന്ന് സ്ഥിതിഗതികള്‍ മനസ്സിലാക്കുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സന്ദര്‍ശനം. അതുകൊണ്ടുതന്നെ ഡിപ്പോയുടെ വികസനത്തിന് വഴി വെക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

More News from Kozhikode