വ്യാജഡോക്ടറെ കസ്റ്റഡിയില്‍ വാങ്ങും: ചികിത്സിച്ച ആസ്‌പത്രികളില്‍ തെളിവെടുപ്പ് നടത്തും
Posted on: 04 Feb 2012
താമരശ്ശേരി: താമരശ്ശേരിയില്‍ അറസ്റ്റിലായ വ്യാജഡോക്ടര്‍ രോഗികളെ ചികിത്സിച്ച കൂടുതല്‍ ആസ്പത്രികളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. എസ്.എസ്.എല്‍.സി. പോലും പാസാകാത്ത മുണ്ടക്കയം ചളിക്കുഴി പുത്തന്‍പുരയില്‍ ഷാജി (50) കഴിഞ്ഞ ഏഴ് വര്‍ഷമായി ജില്ലയിലെ ഒമ്പത് ആസ്‌പത്രികളില്‍ ഡോക്ടറായി എത്തി രോഗികളെ ചികിത്സിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. ഈ ആസ്പത്രികളിലെല്ലാം പരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കാനാണ് തീരുമാനം.
ഇതിനുവേണ്ടി, ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന ഷാജിയെ തെളിവെടുപ്പിനായി വിട്ടുകിട്ടുന്നതിന് താമരശ്ശേരി എസ്.ഐ. സുശീര്‍ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (ഒന്ന്) യില്‍ അപേക്ഷ നല്കി. കോടതി ഇത് അംഗീകരിച്ചു.
നന്മണ്ട പി.ഐ. ഹോസ്പിറ്റല്‍, ഈങ്ങാപ്പുഴ അല്‍ഫോന്‍സാ ഹോസ്പിറ്റല്‍ എന്നിവയ്‌ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കേസ് വന്നതോടെ ഇവ നടത്തിവന്ന ഡോക്ടര്‍മാര്‍ മുങ്ങിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഈ ആസ്പത്രികള്‍ പൂട്ടുകയും ചെയ്തു.
ഷാജി ചികിത്സ നടത്തിയ കൂടുതല്‍ ആസ്പത്രികളിലേക്ക് അന്വേഷണം വ്യാപിക്കുന്നതോടെ ഇവ നടത്തിവരുന്ന ഡോക്ടര്‍മാരും കുടുങ്ങിയേക്കുമെന്ന് സൂചനയുണ്ട്. അതിനിടെ പല ആസ്പത്രികളിലും രാത്രികാലങ്ങളില്‍ ആര്‍.എം.ഒ. യായി ഡ്യൂട്ടി ചെയ്തു വരുന്നവര്‍ മുങ്ങിയതായും പോലീസ് പറയുന്നു. രാത്രി ഡ്യൂട്ടിയെടുക്കുന്നവരിലാണ് വ്യാജന്മാരുള്ളതെന്നാണ് പോലീസിന്റെ നിഗമനം.
അതിനിടെ ഷാജിയെ ആസ്‌പത്രികളില്‍ ജോലിക്ക് കയറാന്‍ സഹായിയായി പ്രവര്‍ത്തിച്ച ചുങ്കത്തെ ഒരു മരുന്ന് വിതരണക്കമ്പനി ജീവനക്കാരന്‍ കേളോത്ത് മാക്കൂട്ടത്തില്‍ പി. കോഫി റോസ്ഖാനെ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ചില മരുന്ന് വിതരണക്കമ്പനിയുടെ പ്രവര്‍ത്തകരാണ് ഇത്തരം വ്യാജ ഡോക്ടര്‍മാരെ ആസ്‌പത്രികളില്‍ തിരുകിക്കയറ്റാന്‍ കൂട്ടുനില്‍ക്കുന്നതെന്ന് പോലീസിന് സംശയമുണ്ട്.