ദേശീയ താരത്തിന് ചുവപ്പുകാര്‍ഡ്: വോളി മത്സരം തടസ്സപ്പെട്ടു

Posted on: 04 Feb 2012



വാണിമേല്‍: ദേശീയ വോളിബോള്‍ താരം ചീത്തവിളിച്ചതിനെത്തുടര്‍ന്ന് റഫറി ചുവപ്പുകാര്‍ഡ് കാണിച്ചു. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ പോലീസ് ടീം ഗ്രൗണ്ട് വിട്ടതോടെ മത്സരം ഏറെ നേരം തടസ്സപ്പെട്ടു.

വാണിമേല്‍ ക്രസന്റ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച ഉത്തരമേഖല വോളിബോള്‍ ടൂര്‍ണമെന്റില്‍ ജില്ലാ പോലീസും ക്രസന്റ് വാണിമേലും തമ്മില്‍ നടന്ന മത്സരമാണ് മുടങ്ങിയത്.

തന്നെ ചീത്തവിളിച്ചെന്നു പറഞ്ഞ് ജില്ലാ പോലീസ് ടീമംഗവും ദേശീയതാരവും കൂടിയായ ഹഫീലിനെയാണ് റഫറി ചുവപ്പുകാര്‍ഡ് കാണിച്ചത്. മൂന്നാമത്തെ സെറ്റിനിടെയാണ് പ്രശ്‌നമുണ്ടായത്. തുടര്‍ന്ന് റിട്ട. ഡിവൈ.എസ്.പി. അഹമ്മദ് ചെന്നാട്ടിലിന്റെ നേതൃത്വത്തില്‍ മധ്യസ്ഥചര്‍ച്ച നടക്കുകയും ചുവപ്പുകാര്‍ഡ് മഞ്ഞ കാര്‍ഡാക്കി മാറ്റുകയുമായിരുന്നു. മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ജില്ലാ പോലീസ് വിജയിച്ചു. (സ്‌കോര്‍: 19-25, 25-22, 19-25, 25-18, 22-20).

More News from Kozhikode