ഹരിതാമൃതത്തിന് വടകര ഒരുങ്ങി
Posted on: 04 Feb 2012
വടകര: പാരമ്പര്യ കൃഷി-ചികിത്സാ രീതികളുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് മഹാത്മാ ദേശസേവാട്രസ്റ്റ് സംഘടിപ്പിക്കുന്ന ഹരിതാമൃതം പരിപാടിക്ക് വടകര ഒരുങ്ങി. 10 മുതല്‍ 19 വരെ വടകര ടൗണ്‍ ഹാളിലാണ് പരിപാടി. 10 ന് രണ്ടുമണിക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ടി. ശോഭീന്ദ്രന്‍ പ്രഭാഷണം നടത്തും. വൈകിട്ട് ആറിന് മുത്തശ്ശി വൈദ്യം വിഷയത്തെപ്പറ്റി പ്രഭാഷണം. 11 ന് രാവിലെ 10 മണിക്ക് നാടന്‍വിത്ത് സംരക്ഷണ സെമിനാര്‍. വിത്തു സംരക്ഷകരായ കര്‍ഷകരെ ചടങ്ങില്‍ ആദരിക്കും. വൈകിട്ട് മൂന്നിന് ജൈവ കര്‍ഷക സംഗമം, ആറിന് മര്‍മ ചികിത്സയെപ്പറ്റി ക്ലാസ്, 12 ന് രാവിലെ 10 മണിക്ക് 'പരമ്പരാഗത ചികിത്സയുടെ ആനുകാലിക പ്രസക്തി' എന്ന വിഷയത്തില്‍ സെമിനാര്‍, മൂന്നുമണിക്ക് ആയുര്‍വേദ സെമിനാര്‍, വൈകിട്ട് നാലിന് യൂറിന്‍ തെറാപ്പി, ആറിന് ഭാരതീയ സൂഫി ചികിത്സയെപ്പറ്റി ക്ലാസ്, 13-ന് 10 മണിക്ക് മാലിന്യ സംസ്‌കരണത്തിലൂടെ ശുചിത്വവും കൃഷിയും എന്ന വിഷയത്തില്‍ സെമിനാര്‍, 3 മണിക്ക് ആയുര്‍വേദ സെമിനാര്‍, 14 ന് രാവിലെ 10 മണിക്ക് ട്രസ്റ്റിന്റെ പുതിയ പദ്ധതിയായ 'വസുധ' യുടെ അവതരണം. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ ഔഷധസസ്യ കുടില്‍വ്യവസായ ജൈവകൃഷി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ഉണ്ടാകും. ഔഷധസസ്യ പഠനഗ്യാലറി, നാടന്‍ കന്നുകാലി പ്രദര്‍ശനം, അടുക്കളത്തോട്ട പവലിയന്‍ തുടങ്ങിയവയും ഉണ്ടാകും. പത്രസമ്മേളനത്തില്‍ പി.പി. ദാമോദരന്‍, പുറന്തോടത്ത് ഗംഗാധരന്‍, ടി. ശ്രീനിവാസന്‍, ടി.കെ. വിജയരാഘവന്‍, വിനോദ് ചെറിയത്ത്, തയ്യുള്ളതില്‍ രാജന്‍ എന്നിവര്‍ പങ്കെടുത്തു.