കായണ്ണ പേരാമ്പ്ര റൂട്ടില്‍ രാത്രിയാത്രാ ദുരിതം
Posted on: 04 Feb 2012
കായണ്ണബസാര്‍: രാത്രി ഏഴര കഴിഞ്ഞാല്‍ പേരാമ്പ്രയില്‍ നിന്ന് കായണ്ണ, മൊട്ടന്തറ, കരികണ്ടന്‍പാറ, മാട്ടനോട്, നരയംകുളം തുടങ്ങിയ പ്രദേശങ്ങളിലേക്ക് ബസ്സില്ലാതെ ജനം നെട്ടോട്ടമോടുന്നു. മലയോര പ്രദേശമായ കായണ്ണയുടെ വിവിധ പ്രദേശങ്ങളില്‍ യാത്രാപ്രശ്‌നം രൂക്ഷമായിട്ടും ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഈ മേഖലകളില്‍ സര്‍വീസ് നടത്തിയിരുന്ന മൂന്ന് സ്വകാര്യ ബസ്സുകള്‍ രാത്രി ട്രിപ്പ് ഒഴിവാക്കിയതാണ് പ്രശ്‌നകാരണം. ഇവയ്ക്ക് പകരം ബസ്സുകളും ഓടുന്നില്ല. ഇതുമൂലം യാത്രക്കാര്‍ക്ക് രാത്രി അമിതനിരക്ക് നല്കി ഓട്ടോറിക്ഷകളേയും മറ്റു ടാക്‌സി വാഹനങ്ങളേയും ആശ്രയിക്കേണ്ടിവരുന്നു.
നിലവില്‍ കായണ്ണ, പേരാമ്പ്ര, കരികണ്ടന്‍പാറ റൂട്ടില്‍ ഒരു കെ.എസ്.ആര്‍.ടി.സി ബസ് പകല്‍ ഒരു സര്‍വീസ് നടത്തുന്നുണ്ട്. ഇതിന്റെ സര്‍വീസ് വര്‍ധിപ്പിക്കുകയോ കൂടുതല്‍ ബസ്സുകള്‍ ഓടിക്കുകയോ വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. രാത്രി ട്രിപ്പ് മുടക്കുന്ന ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.