മടപ്പള്ളി ഗവ.കോളേജില്‍ സംഘര്‍ഷം: എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Posted on: 04 Feb 2012



അക്രമം എസ്.എഫ്.ഐ. പ്രകടനത്തിനിടെ

വടകര: മടപ്പള്ളി ഗവ.കോളേജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തലയ്ക്ക് സാരമായി പരിക്കേറ്റ അവസാന വര്‍ഷ ബി.എ. ഇക്കണോമിക്‌സ് വിദ്യാര്‍ഥി സുജിത്ത് (21) ഉള്‍പ്പെടെ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേര്‍ വടകര സഹകരണ ആസ്​പത്രിയിലുമുണ്ട്.

നാദാപുരം എം.ഇ.ടി. കോളേജില്‍ കഴിഞ്ഞദിവസം നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മടപ്പള്ളി ഗവ.കോളേജില്‍ പ്രകടനം നടത്തിയിരുന്നു. ഇതോടനുബന്ധിച്ചാണ് സംഘര്‍ഷങ്ങളുടെ തുടക്കം. പ്രകടനത്തിനിടെ ഒരു എം.എസ്.എഫ്. അനുഭാവിയെ എസ്.എഫ്.ഐ. ക്കാര്‍ മര്‍ദിച്ചെന്നും ഇതേച്ചൊല്ലി വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ്ഏറ്റുമുട്ടുകയായിരുന്നുവെന്നും ഒരു വിഭാഗം ആരോപിക്കുന്നു. എന്നാല്‍, എം.എസ്.എഫ്., കെ.എസ്.യു. പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ. ആരോപിച്ചു.

സുജിത് (21), ബി.എ.അവസാന വര്‍ഷ വിദ്യാര്‍ഥികളായ കെ.കെ. ജിതിന്‍ (21), സോനുലാല്‍ (21) എന്നിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എസ്.എഫ്.ഐ.ക്കാര്‍ സുഹൃത്തായ എം.എസ്.എഫുകാരനെ മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് തങ്ങള്‍ക്ക് മര്‍ദനമേറ്റതെന്ന് ഇവര്‍ പറഞ്ഞു. ഇരുമ്പു പൈപ്പ് കൊണ്ടാണ് സുജിത്തിന്റെ തലക്ക് അടിയേറ്റത്. മര്‍ദനമേറ്റവരും എസ്.എഫ്.ഐ. അനുഭാവികളാണെന്ന് പറയുന്നു.

എന്നാല്‍ ഇത് ശരിയല്ലെന്ന് എസ്.എഫ്.ഐ. വ്യക്തമാക്കി. പ്രകടനത്തിനിടെ കരിങ്കല്ലുകൊണ്ടും മറ്റും കെ.എസ്.യു., എം.എസ്.എഫ്. പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ഇവരുടെ പരാതി. കോളേജ് യൂണിയന്‍ ജനറല്‍ ക്യാപ്റ്റന്‍ അഖില്‍ രാജ്, എസ്.എഫ്.ഐ. ഏരിയാ കമ്മിറ്റി അംഗങ്ങളായ ദീപ്തി, ചാന്ദ്‌നി, യൂണിറ്റ് പ്രവര്‍ത്തകരായ അജന്‍, പ്രണവ്, എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഖില്‍രാജിന്റെ തലയ്ക്കാണ് മുറിവ്. ഇവരെ വടകര സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനിടെ ഇവര്‍ക്ക് പരിക്കേറ്റത് എസ്.എഫ്.ഐ.ക്കാരുടെ തന്നെ ആളുമാറിയുള്ള അക്രമത്തിലാണെന്ന് മറുഭാഗം ആരോപിക്കുന്നുണ്ട്.

More News from Kozhikode