സംസ്ഥാനപാതയില്‍ കലുങ്ക് നിര്‍മാണം: ഗതാഗത ക്കുരുക്ക് പതിവായി
Posted on: 04 Feb 2012
കക്കട്ടില്‍: സംസ്ഥാനപാതയുടെ ഇടുങ്ങിയ ഭാഗം വീതികൂട്ടി വികസിപ്പിക്കാതെ കലുങ്ക് നിര്‍മിക്കുന്നത് കാരണം കക്കട്ടില്‍ ടൗണില്‍ ഗതാഗത ക്കുരുക്ക് പതിവായി.
സഹ. ബാങ്കിനടുത്താണ് റോഡ് വെട്ടിക്കീറി കലുങ്ക് പണിയുന്നത്. ഇതിനടുത്ത് തന്നെയുള്ള കലുങ്ക് ഉപയോഗ യോഗ്യമാക്കാതെ പുതിയ കലുങ്ക് നിര്‍മിക്കുന്നത് ചൂണ്ടിക്കാട്ടി മാതൃഭൂമി നേരത്തേ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനപാതയില്‍ മുപ്പതോളം കലുങ്കുകളാണ് മണ്ണുമൂടി ഉപയോഗശൂന്യമായിക്കിടക്കുന്നത്. ഇവയൊന്നും ഉപയോഗ യോഗ്യമാക്കാതെ വീണ്ടും കലുങ്ക് നിര്‍മിക്കുന്നതിന് പിന്നില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട ലോബിയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എയര്‍പോര്‍ട്ട് റോഡ് നവീകരണത്തിന്റെ ഭാഗമായി സംസ്ഥാനപാത വീതികൂട്ടി വികസിപ്പിക്കുന്നതിനായുള്ള സര്‍വ്വേ നടപടികള്‍ തുടങ്ങിയതിനിടയില്‍ ഇപ്പോള്‍ നിര്‍മിക്കുന്ന കലുങ്കുകള്‍ അനാവശ്യമാണെന്ന വാദവും ശക്തമാണ്. റോഡ് വികസിപ്പിക്കുമ്പോള്‍ ഇപ്പോള്‍ നിര്‍മിക്കുന്ന കലുങ്കുകള്‍ മാറ്റിപ്പണിയേണ്ടിവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.