യുവതരംഗിന് മുപ്പത്‌

Posted on: 04 Feb 2012





ബേപ്പൂര്‍: ബേപ്പൂര്‍ നടുവട്ടം പാറപ്പുറം പ്രദേശത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് വെളിച്ചം വീശിയ 'യുവതരംഗ്' മുപ്പതുവര്‍ഷം പിന്നിടുന്നു. ജനങ്ങളില്‍ വായനശീലം വളര്‍ത്തിയെടുക്കാന്‍ വേണ്ടി ബേപ്പൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ വായനശാലയും ഗ്രന്ഥശാലയും സ്ഥാപിച്ചുകൊണ്ടായിരുന്നു 'യുവതരംഗി'ന്റെ തുടക്കം. അക്കാലത്ത് ആദ്യമായി ടി.വി. സെറ്റ് സ്ഥാപിച്ചുകൊണ്ട് പാറപ്പുറം പ്രദേശത്തെ ദൃശ്യമാധ്യമരംഗത്തേക്ക് എത്തിച്ചതും യുവതരംഗ് ആയിരുന്നു.

കുട്ടികളുടെ കലാവാസനകള്‍ വളര്‍ത്തിയെടുക്കുന്നതിലും സ്ത്രീ കൂട്ടായ്മ പ്രാവര്‍ത്തികമാക്കുന്നതിലും 'യുവതരംഗ്' മുന്നിട്ടിറങ്ങി. നിരവധി കലാകാരന്മാരെയും സിനിമാ നടീനടന്മാരെയും അണിനിരത്തി 'യുവതരംഗ്' ഒരുക്കിയിരുന്ന കലാസാംസ്‌കാരിക മേളകള്‍ നാട്ടുകാരെ ആവേശം കൊള്ളിച്ചു. കായികമേളകളും ആരോഗ്യ ബോധവത്കരണ പരിപാടികളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചും കലാരംഗത്തിനപ്പുറത്തേക്കും യുവതരംഗ് പ്രവര്‍ത്തനനിരതമായി. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാട്ടം നടത്തിയ കലാസാംസ്‌കാരിക സംഘടന എന്ന പേരും യുവതരംഗ് സ്വന്തമാക്കി.

വര്‍ഷങ്ങളായി പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണത്തില്‍ ചിത്രരചനാ ക്ലാസും നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. സംസ്ഥാന അവാര്‍ഡ് ജേതാവ് ബാബുനാരായണന്റെ നിറഞ്ഞ സാന്നിധ്യം മുതല്‍ക്കൂട്ടായിരിക്കുകയാണ്. മുപ്പതാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ശനിയാഴ്ചവൈകുന്നേരം 'മോഡേണ്‍ ബ്രെയിന്‍സ്' ഗ്രൗണ്ടില്‍ അരങ്ങേറുന്ന 'പ്രയാണം 2012' കലാസാംസ്‌കാരിക മേള ടൂറിസം മന്ത്രി കെ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
Tags:    . Kerala. കേരളം

More News from Kozhikode